ഇനി മോദിയുടെ നാളുകള്‍... ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്നത് അന്തര്‍വാഹിനികളുടെ അന്തകനായ സീഹോക് ഹെലികോപ്റ്ററുകള്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതേറെ ഗുണം ചെയ്യും

പാകിസ്ഥാനേയും ചൈനയേയും അമ്പരപ്പിച്ച് സൈനിക രംഗത്ത് ഇന്ത്യ കുതിയ്ക്കുകയാണ്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്നത് 'അന്തര്‍വാഹിനികളുടെ അന്തകന്‍' എന്നറിയപ്പെടുന്ന സീഹോക് ഹെലികോപ്റ്ററുകളാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നാവികസേനയുടെ കരുത്തുകൂട്ടാന്‍ അമേരിക്കന്‍ നിര്‍മിത സീഹോക് തുണയേകും.
അമേരിക്കന്‍ കരസേന ഉപയോഗിക്കുന്ന യു.എച്ച്.60 ബ്ലാക്ക്‌ഹോക് ഹെലികോപ്റ്ററിന്റെ നാവികപ്പതിപ്പാണ് എം.എച്ച്.60 റോമിയോ സീഹോക്ക്. കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയെ ആക്രമിച്ചുതകര്‍ക്കാന്‍ കഴിയുന്ന ഇവ ലോകനാവികരംഗത്തെ മികച്ച ബഹുദൗത്യ ഹെലികോപ്റ്ററുകളിലൊന്നാണ്. അമേരിക്കന്‍ ആയുധക്കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍. 24 സീഹോക് കോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്.
വളരെയേറെ സവിശേഷതകളാണ് ഇതിനുള്ളത്. പൈലറ്റ്, കോപൈലറ്റ് എന്നിവരുള്‍പ്പെടെ ഒമ്പതുപേരെ സീഹോക്ക് വഹിക്കും. ഹെല്‍ഫെയര്‍ മിസൈല്‍, ടോര്‍പിഡോ, യന്ത്രത്തോക്ക് എന്നിവ പ്രധാന ആയുധങ്ങളാണ്. അന്തര്‍വാഹിനികളെ കണ്ടെത്താന്‍ എ.എന്‍./എ.ക്യു.എസ്.22 എയര്‍ബോണ്‍ ലോ ഫ്രീക്വന്‍സി സോണാര്‍ സംവിധാനം ഉണ്ട്. എത്ര ആഴത്തിലുള്ള അന്തര്‍വാഹിനികളുടെ സാന്നിധ്യവും തിരിച്ചറിയാന്‍ കഴിയും
ഹെലികോപ്റ്ററിനു നേര്‍ക്കുള്ള ആക്രമണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ മിസൈല്‍ മുന്നറിയിപ്പു സംവിധാനം, ലേസര്‍ മുന്നറിയിപ്പു സംവിധാനം, ഇന്‍ഫ്രാറെഡ് ജാമര്‍ തുടങ്ങിയവയുമുണ്ട്.
അന്തര്‍വാഹിനികളെ ആക്രമിക്കല്‍, ഉപരിതല സമുദ്രപോരാട്ടം, നാവികസേനയുടെ ആക്രമണങ്ങളെ പിന്തുണയ്ക്കല്‍, നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ദൗത്യങ്ങള്‍ക്കു ഫലപ്രദമാണ്. 1425 കിലോവാട്ട് ശേഷിയുള്ള രണ്ടു ടര്‍ബോഷാഫ്റ്റ് എന്‍ജിന്‍, 2230 ലിറ്റര്‍ ഇന്ധനശേഷി. സ്വയം ചോര്‍ച്ച അടയ്ക്കാന്‍ സാധിക്കുന്ന ഇന്ധനടാങ്ക് എന്നിവയുമുണ്ട്. ഹെലികോപ്റ്ററിന്റെ ഭാരം 6895 കിലോഗ്രാമാണ്. പരമാവധി 10,659 കിലോഗ്രാം ഭാരത്തോടെ ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കുന്നതാണ്. വേഗം മണിക്കൂറില്‍ 267 കിലോമീറ്ററാണ്. പരമാവധി 5791 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. 2007മുതല്‍ യു.എസ്. നാവികസേന ഉപയോഗിക്കുന്നതാണ് ഈ ഹെലീ കോപ്ടര്‍.
ചെലവ് 260 കോടി ഡോളര്‍ അതായത് 18,624 കോടിയോളം രൂപയാണ്. ഏതാനും മാസംമുമ്പ് അമേരിക്കയില്‍നിന്ന് ഹെവിലിഫ്റ്റ് ഹെലികോപ്റ്ററായ ചിനൂക്ക്, ആക്രമണ ഹെലികോപ്റ്ററായ അപ്പാച്ചെ എന്നിവ ഇന്ത്യ വാങ്ങിയിരുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഇന്ത്യ അമേരിക്ക പുതിയ ആണവകരാറില്‍ ഒപ്പുവെയ്ക്കാനുള്ള സാധ്യതയും തെളിയുന്നു. മുമ്പ് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഒപ്പുവെച്ച കരാര്‍ പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തില്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇക്കാര്യം പുതിയതായി ഒപ്പുവെയ്ക്കുന്ന കാര്യം ഇരു രാജ്യങ്ങളും പരിഗണിച്ചേക്കുമെന്നാണ് സൂചന.
ആറ് ആണവ റിയാക്ടറുകള്‍ ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്. റീയാക്ടറുകള്‍ ആന്ധ്രയിലാകും സ്ഥാപിക്കുക എന്നതാണ് വിവരം. നേരത്തേ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനത്തില്‍ എത്തിയില്ല. ഒരു ആണവ റീയാക്ടറുകള്‍ പോലും ഇന്ത്യയില്‍ എത്തുകയും ചെയ്തില്ല.
https://www.facebook.com/Malayalivartha

























