ആ മോഹവും സ്വാഹ... ഐ.എ.എസ്. കിട്ടിയില്ലെങ്കിലെന്താ കെ.എ.എസ് കിട്ടുമെന്ന് ഉറപ്പിച്ച് പരീക്ഷ എഴുതിയവര്‍ മൂന്നര ലക്ഷത്തോളം പേര്‍; ക്വസ്റ്റ്യന്‍ പേപ്പര്‍ കൈയ്യില്‍ കിട്ടിയതോടെ ഐഎഎസ് പരീക്ഷ ഇതിനേക്കാള്‍ എളുപ്പമെന്ന് ചിലര്‍; പരീക്ഷ എഴുതി കിളി പോയവര്‍ തന്നെ ട്രോളുമുണ്ടാക്കി

ശരാശരി മലയാളിയുടെ ഒരു സ്വപ്നമാണ് ഐ.എ.എസ്. അവന്‍ കളക്ടറിനൊന്നുമല്ലല്ലോ പഠിക്കുന്നത് എന്നാണ് മിക്ക വീട്ടുകാരും കുട്ടികളെ വഴക്ക് പറയുമ്പോള്‍ സ്വയം ആശ്വസിക്കുന്നത്. ഐഎഎസ് ഒരു ബാലികേറാമലയെന്ന് പിന്നെയാണ് പലരും മനസിലാക്കിയത്. പാവങ്ങളുടെ വിഷമം കണ്ട പിണറായി സര്‍ക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് കൊണ്ടു വന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്ക് വിജ്ഞാപനം വന്നത്. അധികം വൈകാതെ പരീക്ഷയും നടത്തി. മൂന്നരലക്ഷത്തിലേറെപ്പേര്‍ പരീക്ഷ എഴുതി.
സ്ഥിരം പി.എസ്.സി. പരീക്ഷകളുടെ മാതൃകയില്‍ ആയിരിക്കില്ല കെ.എ.എസ്. പരീക്ഷയെന്ന് തുടക്കത്തില്‍ തന്നെ ഉറപ്പായിരുന്നു. ഏതായാലും മുന്‍മാതൃകകളില്ലാത്ത പരീക്ഷയെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായിരുന്ന കൗതുകം ഇന്നലെ അവസാനിച്ചു. സിവില്‍ സര്‍വീസ് പരീക്ഷകളെപ്പോലും വെല്ലുന്നതായിരുന്നു ചോദ്യങ്ങള്‍ എന്നതാണ് പൊതുവിലയിരുത്തല്‍. നന്നായി പഠിച്ചുവന്നവരും കണ്‍ഫര്‍മേഷന്‍ കൊടുത്തിട്ട് പരീക്ഷ എഴുതാതിരുന്നാല്‍ പി.എസ്.സി. നടപടിയെടുക്കുമെന്ന് പേടിച്ച് വന്നവരും ഇന്നലെ പരീക്ഷ എഴുതി. ഏതായാലും പി.എസ്.സി. പരീക്ഷയെഴുതുന്നവര്‍ക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു കെ.എ.എസ്. പരീക്ഷയെന്നുറപ്പ്. ആ അനുഭവങ്ങള്‍ ഇപ്പോള്‍ ട്രോളുകളായി സമൂഹമാധ്യമങ്ങള്‍ തകര്‍ത്തോടുകയാണ്...
ഇതോടൊപ്പം ബാഹുബലിയിലെ ഒരു ചോദ്യം മാതൃകയാക്കി കെ.എസ്.എ.യിലെ ചോദ്യം എങ്ങനെയാണെന്ന് വിശദീകരിക്കുന്ന ഒരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
#ബാഹുബലിയെ കൊന്നതാര്?
a) പൊന്നപ്പ b) ചിന്നപ്പ
c) കട്ടപ്പ d) പടയപ്പ
കെ എ എസ് പരീക്ഷയിലെ ചോദ്യം
#ബാഹുബലിയെ കട്ടപ്പ നിഗ്രഹിച്ചതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ അപഗ്രഥിച്ചു നിഗമനത്തിലെത്തുമ്പോൾ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണ് സാന്ദർഭികമായി ശരിയല്ലാത്ത സംഭവവികാസങ്ങളായി സംശയരഹിതമായി നിർവചിക്കാൻ കഴിയുന്നത്.
1. ബാഹുബലിയെ കൊല്ലാൻ കട്ടപ്പ ഉപയോഗിച്ച സിംഹത്തിന്റെ രൂപം മുദ്രണം ചെയ്ത ഇരുതല മൂർച്ചയുള്ള വാൾ കട്ടപ്പയ്ക്ക് നൽകിയത് ബാഹുബലിയായിരുന്നു.
2. കൃത്യം നടത്തുന്ന സമയത്ത് കട്ടപ്പ വലത്തേ ചെവിയിൽ 3 കമ്മലും കഴുത്തിൽ ബാഹുബലി ധരിക്കുന്നതിന് സമാനമായ വളയം പോലുള്ള ഒരു ആഭരണവും ധരിച്ചിരുന്നു.
3. വലതു കയ്യിൽ വാൾ നിലത്തൂന്നി ഭരണാധികാരിയുടെ ഭാവപകർച്ചയോടെ സിംഹാസനത്തിൽ ഇരിക്കുന്ന മാതൃകയിൽ ഇരുന്ന് മരണത്തിന് മുൻപ് ബാഹുബലി അവസാനമായി പറഞ്ഞ വാചകം " ജയ് ജയ് മഹിഷ്മതി" എന്നായിരുന്നു.
4. മഹേന്ദ്ര ബാഹുബലിയെ വധിക്കാൻ കട്ടപ്പ നിർബന്ധിതാനായത് രാജമാതായുടെ ആജ്‌ഞപ്രകാരവും ഒപ്പം ദേവസേനയെയും കുഞ്ഞു ബാഹുബലിയുടെയും ജീവൻ രക്ഷിക്കാൻ കൂടെ വേണ്ടിയായിരുന്നെങ്കിലും ഏറെ മനസ്താപത്തോടെയായിരുന്നു കട്ടപ്പ ആ കൃത്യം നിർവഹിച്ചത്.
a) 1, 2 & 4 only
b) 2 & 3 only
c) 3 only
d) 1, 3 & 4 only
ബാഹുബലി ചോദ്യം കത്തിപ്പടരുമ്പോള്‍ എഴുതിയവരും അത് ശരി വയ്ക്കുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നിലവാരമായിരുന്നു ചോദ്യങ്ങള്‍ക്കെന്ന് പരീക്ഷയെഴുതിയ വലിയ വിഭാഗം അഭിപ്രായപ്പെട്ടു. രണ്ടാംപേപ്പറിലെ മലയാളം ചോദ്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു. മൂന്നരലക്ഷത്തിലേറെപ്പേര്‍ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക വിവരം. 5.76 ലക്ഷം അപേക്ഷകള്‍ ലഭിച്ചതില്‍ നാലുലക്ഷം പേര്‍ പരീക്ഷയെഴുതുമെന്ന് അറിയിച്ചിരുന്നു.
പ്രാഥമിക പരീക്ഷയ്ക്ക് രണ്ട് പേപ്പറായിരുന്നു. ജനറല്‍ സ്റ്റഡീസിന്റെ ആദ്യ പേപ്പറായിരുന്നു കടുപ്പം. നേരിട്ടുള്ള ചോദ്യങ്ങള്‍ക്കു പകരം പ്രസ്താവനകളെ അടിസ്ഥാനമാക്കി ശരിയും തെറ്റും കണ്ടെത്തേണ്ടവയായിരുന്നു അധികവും. പരന്ന വായനയെക്കാള്‍ ആഴത്തിലുള്ള അറിവ് അളക്കുന്നതായിരുന്നു ഇവ.
ഭരണഘടനയില്‍നിന്നുള്ളതും വിവിധ ചട്ടങ്ങള്‍ വ്യാഖ്യാനിക്കുന്നതുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പലരും ബുദ്ധിമുട്ടി. കമ്യൂണിസ്റ്റ് സിദ്ധാന്തം, മാര്‍ക്‌സിയന്‍ ചിന്തകള്‍, കോളനിവത്കരണം, ആഗോളീകരണം, കിഫ്ബി, കേരള പുനര്‍നിര്‍മാണം, ലോകകേരള സഭ തുടങ്ങിയവയില്‍നിന്ന് ചോദ്യങ്ങളുണ്ടായി. സമകാലിക സംഭവങ്ങളെക്കുറിച്ച് കാര്യമായ ചോദ്യങ്ങളുണ്ടായില്ല.
ഉച്ചയ്ക്കുശേഷം നടന്ന രണ്ടാംപേപ്പറില്‍ ജനറല്‍ സ്റ്റഡീസിനൊപ്പം മലയാളം, ഇംഗ്ലീഷ് ഭാഷാ ചോദ്യങ്ങളുമുണ്ടായിരുന്നു. മലയാളത്തില്‍ 30ഉം ഇംഗഌഷില്‍ 20ഉം ചോദ്യമുണ്ടായി. ഇംഗ്ലീഷ് വ്യാകരണ ചോദ്യങ്ങള്‍ എളുപ്പമായിരുന്നില്ല.
https://www.facebook.com/Malayalivartha

























