വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: നിര്‍ണായക നീക്കവുമായി ഹൈക്കോടതി; പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

പാലക്കാട് വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം.
നിലവിലുള്ള സാഹചര്യത്തില്‍ തുടരന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശിക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും. അത് ഒഴിവാക്കാന്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലിടുകയോ ജാമ്യത്തില്‍ വിടുകയോ ചെയ്യണമെന്ന അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇ്ക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയോ ജാമ്യത്തില്‍ വിടുകയൊ വേണമെന്ന് നിര്‍ദേശിച്ച് ആറ് പ്രതികള്‍ക്കെതിരെയും ബെയിലബിള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് അവധിക്കു പിരിഞ്ഞ് തുറക്കുമ്പോള്‍ മേയ് മാസത്തില്‍ പരിഗണിക്കും.
പാലക്കാട് ജില്ലാ പോക്സോ കോടതിയാണ് കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. എന്നാല്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് ഇതിനുകാരണമെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഇതേ കാര്യം ഉന്നയിച്ച് അപ്പീല്‍ നല്‍കിയിരുന്നു.
വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ മരണത്തില്‍ പിന്നീട് പ്രതിഷേധങ്ങള്‍ വ്യാപകമായതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പിന്നീട് വെറുതെവിടുകയായിരുന്നു.
വിചാരണ പൂര്‍ത്തിയാകും മുന്‍പു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിശദീകരണം തേടിയപ്പോള്‍ ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തില്ല എന്ന റിപ്പോര്‍ട്ട് നല്‍കി. അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ വിചാരണഘട്ടത്തില്‍ കോടതിയില്‍ നിന്ന് ഒഴിവാക്കാന്‍ പ്രോസിക്യൂട്ടര്‍ ശ്രമിച്ചു. സാക്ഷി വിസ്താരത്തിനിടെ കോടതി ഉന്നയിച്ച സംശയങ്ങള്‍ തീര്‍ക്കാനും പഴുതടച്ച അന്തിമവാദം നടത്താനും ഇതുമൂലം കഴിഞ്ഞില്ല.
ആദ്യം കേസ് നടത്തിയ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ മാറ്റി മറ്റൊരാളെ നിയമിച്ച ശേഷം പഴയ പ്രോസിക്യൂട്ടറെ വീണ്ടും കൊണ്ടുവന്നു. വിചാരണ തുടങ്ങും മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥനെയും സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. വിചാരണ സമയത്തു പ്രോസിക്യൂഷന്‍ നടപടികളിലെ വീഴ്ചകള്‍ ചൂണ്ടികാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനു നല്‍കിയ വിശദമായ റിപ്പോര്‍ട്ടും അവഗണിക്കപ്പെട്ടു. ഈ പാളിച്ചകളൊക്കെ വിചാരണക്കോടതിയില്‍ നിന്നും പ്രതികള്‍ രക്ഷപെടുന്നതിന് സഹായകമായി.
https://www.facebook.com/Malayalivartha


























