മിഠായിത്തെരുവ് തീപിടുത്തം: അട്ടിമറിയില്ലെന്ന് സബ് കളക്ടറുടെ റിപ്പോര്‍ട്ട്

മിഠായിത്തെരുവിലുണ്ടായ തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് സബ് കളക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തള്ളി വ്യാപാരികള്‍ രംഗത്ത്. കടയ്ക്കുള്ളിലെ ഇന്‍വെര്‍ട്ടര്‍ ചൂടായി തീപിടിച്ചതാവാം അപകടത്തിന് കാരണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് ബലമായ സംശയമുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിക്കാതെയാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നാസറുദ്ദീന്‍ പറഞ്ഞു.
തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ടും. കടകള്‍ കത്തിച്ചതാണെന്ന നിഗമനത്തിലെത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. കടകള്‍ കത്തിച്ചത് കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. ഇന്‍വെര്‍ട്ടറില്‍ നിന്നുണ്ടായ തീ, കാലഹരണപ്പെട്ട വൈദ്യുതീകരണം കാരണം മറ്റിടങ്ങളിലേക്ക് പടരുന്നതിന് ഇടയാക്കി. മുമ്പ് തീപ്പിടുത്തമുണ്ടായപ്പോള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അവയൊന്നും നടപ്പിലായില്ല. മിഠായിത്തെരുവിലെ അനധികൃത നിര്‍മ്മാണങ്ങള്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫയര്‍ ഹൈഡ്രന്റില്‍ വെള്ളമില്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാലപ്പഴക്കം ചെന്ന വൈദ്യുതി സംവിധാനങ്ങള്‍ എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
https://www.facebook.com/Malayalivartha

























