'കണ്ണേ കരളേ അഭിമന്യു, ആര് പറഞ്ഞു മരിച്ചെന്ന്'; ഉദിച്ചുയരുന്ന സൂര്യരശ്മികളെ അറിവിന്റെ പ്രതീകമാക്കി, നടുവിൽ ആ ദീപ്തമായ മുഖം പതിപ്പിച്ചിരിക്കുന്നു.... !! അഭിമന്യുവിന്റെ കനലോര്‍മകളുടെ അടയാളമായി കൊട്ടക്കാമ്പൂരിൽ ഒരു ബലികുടീരം, പിന്നില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യവും

മൂന്നാണ്ടിനു മുമ്പ് മതതീവ്രവാദികളുടെ കഠാരമുനയ്ക്കിരയായ അഭിമന്യുവിന്റെ കനലോര്‍മകളുടെ അടയാളമായി ബലികുടീരം. അഭിമന്യു അന്ത്യവിശ്രമം കൊള്ളുന്ന കൊട്ടക്കാമ്പൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സ്മൃതിമണ്ഡപം നാടിന് സമര്‍പ്പിച്ചു. പുഷ്പാര്‍ച്ചനയും നടത്തി. ‘കണ്ണേ കരളേ അഭിമന്യു, ആര് പറഞ്ഞു മരിച്ചെന്ന്’ എന്ന മുദ്രാവാക്യത്താല്‍ മുഖരിതമായിരുന്നു അന്തരീക്ഷം.
750 ചതുരശ്ര അടി വിസ്തൃതിയില്‍ 17 അടി ഉയരത്തിലുള്ള കുടീരം കേരളീയ വാസ്തുരീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. പുഞ്ചിരിക്കുന്ന അഭിമന്യുവിന്റെ ചിത്രം മധ്യത്തിലുണ്ട്. ഉദിച്ചുയരുന്ന സൂര്യരശ്മികളെ അറിവിന്റെ പ്രതീകമാക്കി, അതിന് നടുവിലാണ് ആ ദീപ്തമായ മുഖം പതിപ്പിച്ചിരിക്കുന്നത്. പിന്നില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യവും രേഖപ്പെടുത്തിയിട്ടുണ്ട്. രക്തസാക്ഷിത്വദിനം വെള്ളപ്പുസ്തകത്തില്‍ കറുത്ത ഏടായും മുന്നില്‍ ചിത്രീകരിച്ചിരിക്കുന്നു.
വട്ടവടയിലെ കൊട്ടക്കാമ്പൂർ എന്ന ഉള്‍ഗ്രാമത്തില്‍ പിറന്ന അഭിമന്യു പാര്‍ട്ടിക്കൊപ്പം ജീവനുതുല്യം സ്നേഹിച്ചിരുന്ന മഹാരാജാസിലെ ചുവരില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം എഴുതിയതില്‍ പ്രകോപിതരായ ക്യാമ്ബസ്ഫ്രണ്ട്–- എസ്ഡിപിഐ മതതീവ്രവാദികള്‍ അഭിമന്യുവിനെ അരുംകൊലചെയ്തത് 2018 ജൂണ്‍ രണ്ടിനായിരുന്നു.
മൂന്നാം രക്തസാക്ഷിത്വ ദിനത്തിലാണ് സ്മൃതിമണ്ഡപം നിര്‍മിച്ചത്. അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും എസ്‌എഫ്‌ഐ നേതാക്കളും വിങ്ങിപ്പൊട്ടുന്ന നൊമ്പരത്തോടെ ചടങ്ങില്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ പി രാമരാജ് അധ്യക്ഷനായി. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ദേവ് എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, അഡ്വ. എ രാജ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി കണ്‍വീനര്‍ വി സിജിമോന്‍ സ്വാഗതവും എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എം എസ് ശരത് നന്ദിയും പറഞ്ഞു. അഭിമന്യു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് 10,000 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വി എ വിനീഷ് നിര്‍വഹിച്ചു. അഭിമന്യു പഠിച്ച വട്ടവട ഗവ. എല്‍പി സ്കൂളിലെ കുട്ടികള്‍ക്കായിരുന്നു ആദ്യ വിതരണം.
https://www.facebook.com/Malayalivartha






















