എകെജി സെന്ററിന് നേരെ നടന്നത് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് പോലെ ഭീകരാക്രമണമോ ബോംബേറോ അല്ലെന്ന് നിഗമനം....ഓഫീസിന് നേരെ എറിഞ്ഞ സ്ഫോടകവസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നും ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം

എകെജി സെന്ററിന് നേരെ നടന്നത് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് പോലെ ഭീകരാക്രമണമോ ബോംബേറോ അല്ലെന്ന് നിഗമനം. ഓഫീസിന് നേരെ എറിഞ്ഞ സ്ഫോടകവസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണ് എന്നും ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം.
സ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡര്‍ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന.
അതേസമയം എകെജി സെന്ററിന് നേരെ 'അജ്ഞാതന്‍'പടക്കമെറിഞ്ഞിട്ട് നാല് ദിവസത്തിലധികം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.
എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.എട്ടോളം പോലീസുകാര്‍ എകെജി സെന്ററിന് മുന്നിലുണ്ടായിട്ടും ആക്രമിയെ എന്തുകൊണ്ട് പിന്തുടര്‍ന്നില്ല എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
കുന്നുകുഴി ,ലോ കോളേജ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ മുപ്പതോളം സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വണ്ടി നമ്പര്‍ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത് . ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha
























