മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാല്‍നടക്കാരന് ദാരുണാന്ത്യം

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാല്‍നടക്കാരന് ദാരുണാന്ത്യം. ചൊളൂര്‍ -ചാപ്പനങ്ങാടി റോഡില്‍ വലിയാടിനും ആല്‍പ്പറ്റക്കുളമ്പിനുമിടയിലാണ് അപകടമുണ്ടായത്. വലിയാട് പരേങ്ങല്‍ ഭാഗത്ത് താമസിക്കുന്ന അല്ലക്കാട്ട് ഇബ്രാഹിം (മാനു-55) ആണ് മരിച്ചത്.
കൂലിപ്പണിക്കാരനായ ഇബ്രാഹിം പണിസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. മഞ്ചേരിയില്‍നിന്ന് ചങ്ങരംകുളത്തേക്ക് അടയ്ക്കയുമായി പോകുന്ന മിനിലോറിയാണ് അപകത്തില്‍പ്പെട്ടത്. റോഡില്‍ വാതക പൈപ്പ് ലൈനിനായി എടുത്ത കുഴി പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനം തെന്നി ഇബ്രാഹിമിനെയും കൊണ്ട് അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. വാതക പൈപ്പ് ലൈന്‍ ജോലിയുടെ ഭാഗമായെടുത്ത മണ്ണ് അഴുക്കുചാലില്‍ നിക്ഷേപിച്ചിരുന്നതിനാല്‍ വെള്ളം റോഡിലൂടെ പരന്നൊഴുകിയതാണ് വാഹനം തെന്നിമറിയാന്‍ ഇടയായത്.
ലോറിക്കടിയില്‍പ്പെട്ട ഇബ്രാഹിം അഴുക്കുചാലിലെ ചെളിമണ്ണില്‍ താഴ്ന്നതാണ് മരണത്തിനിടയാക്കിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്.
ക്രെയിന്‍ കൊണ്ടുവന്ന് മിനിലോറി എടുത്തുമാറ്റിയാണ് ചെളിയില്‍ താഴ്ന്നുകിടന്നിരുന്ന ഇബ്രാഹിമിനെ പുറത്തെടുത്തത്. പുറത്തെടുത്ത സമയത്ത് ജീവനുണ്ടായിരുന്ന ഇബ്രാഹിമിനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹ പരിശോധനകള്‍ പൂര്‍ത്തീകരിച്ച ശേഷം വൈകുന്നേരത്തോടെ വലിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
അതേസമയം :ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും വാതക പൈപ്പലൈനിനായി എടുത്ത കുഴികള്‍ കൃത്യമായി മൂടി ടാര്‍ ചെയ്യാനോ, അഴുക്കുചാലിലേക്കിട്ട മണ്ണ് നീക്കംചെയ്യാനോ അധികൃതര്‍ തയ്യാറാവാത്തതാണ് ഇബ്രാഹിമിന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha
























