മെയ് മാസം മുതലുള്ള പരിചയം, പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ തീരുമാനം, പിന്നീട് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം, കനക ദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ വിവാദങ്ങളില്‍ ഇടംപിടിച്ച കനക ദുര്‍ഗ വീണ്ടും വിവാഹിതയായി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ ചിത്രം 'പട'യിലെ യഥാര്‍ഥ സമരനായകനാണ് വിളയോടി ശിവന്‍കുട്ടി.
രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ലെന്നും ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു. കനക ദുര്‍ഗ അവരുടെ പ്രവര്‍ത്തനങ്ങളും താന്‍ തന്റെ പ്രവര്‍ത്തനങ്ങളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്കനകദുര്‍ഗയുടെ ആദ്യ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃകുടുംബവും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിയമ നടപടികളിലേക്ക് വരെയെത്തിയിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞ ഇവര്‍ വീട്ടില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ കോടതി ഇടപെടലിന് പിന്നാലെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.
പിന്നാലെ വിവാഹമോചിതയായ കനക ദുര്‍ഗ വീട് ഉപേക്ഷിച്ച് പെരിന്തല്‍മണ്ണയിലെ ഫ്‌ളാറ്റിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവരുടെ മക്കള്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണ്. പാലക്കാട് കളക്ടറെ ബന്ദിയാക്കിയ പ്രതികളിലൊരാളായിരുന്നു വിളയോടി ശിവൻകുട്ടി.
https://www.facebook.com/Malayalivartha
























