വ്യാജ ലൗ വെബില്‍ തേന്‍ കെണിയൊരുക്കി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസ്... തലസ്ഥാനത്തെ ആറു കൗമാരക്കാര്‍ക്കെതിരെ കുറ്റപത്രം

ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐ ഡി നിര്‍മ്മിച്ച് സ്ത്രീയാണെന്ന വ്യാജേന നെടുമങ്ങാട് സ്വദേശിയെ ചാറ്റ് ചെയ്ത് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു
തിരുവനന്തപുരം: വ്യാജ ലൗ വെബില്‍ തേന്‍ കെണിയൊരുക്കി വശീകരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ തലസ്ഥാന ജില്ലയിലെ ആറു കൗമാരക്കാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി ഫോര്‍ട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മണക്കാട് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ താമസിക്കുന്ന വിഷ്ണു രാജ് (25) , ഇയാളുടെ കൂട്ടാളികളായ ദിലീപ് (23) , സച്ചിന്‍ (21) , അജീഷ് (23) , അനന്തു ശ്രീകുമാര്‍ (24) , വിഷ്ണു (24) എന്നിവരാണ് 1 മുതല്‍ 6 വരെയുള്ള പ്രതികള്‍.
2021 നവംബര്‍ ആദ്യവാരത്തിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐ ഡി നിര്‍മ്മിച്ച് സ്ത്രീയാണെന്ന വ്യാജേന നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്ത് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തിച്ച ശേഷം യുവാവിനെ തട്ടിക്കൊണ്ടു പോയി ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടില്‍ എത്തിച്ച് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും വാഹനത്തിന്റെ ആര്‍.സി ബുക്കുമാണ് കവര്‍ച്ച ചെയ്തത്.
സംഭവത്തിന് ശേഷം അടിമലത്തുറ കടപ്പുറത്ത് ഒളിവില്‍ കഴിയവേയാണ് 2021 നവംബര്‍ 16ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ റിക്കവറി ചെയ്ത് കോടതി മുമ്പാകെ തൊണ്ടിമുതലായി ഹാജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























