2025-2026 അദ്യായന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 2 ന് ആലപ്പുഴ കലവൂര്‍ സ്‌കൂളില്‍

സ്‌കൂള്‍ വര്‍ഷാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ഈ വര്‍ഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവ ചടങ്ങുകള്‍ നടക്കും. സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റനസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 15 നകം പൂര്‍ത്തികരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍
സ്‌കൂള്‍ ബസുകള്‍ക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പ് വരുത്തണം. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍കരണവും നല്‍കണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരെ നിയമിക്കേണ്ടത്. സ്‌കൂള്‍ പരിസരത്ത് ട്രാഫിക്ക് പൊലീസിന്റെ സേവനം ഉറപ്പാക്കണം. സ്‌കൂള്‍ തുറക്കും മുന്‍പ് കാടുകള്‍ വെട്ടിത്തെളിച്ച് ശുചീകരണ നടപടികള്‍ പൂര്‍ത്തീകരിക്കണം. പാചകപ്പുര, ശുചിമുറി, കൈകഴുകുന്ന സ്ഥലം എന്നിവ വൃത്തിയുള്ളതായിരിക്കണം. ബെഞ്ച്, ഡസ്‌ക് എന്നീവ ഉപയോഗയോഗ്യമാക്കണം. സ്‌കൂള്‍ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റണം. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. റെയില്‍വേ ക്രോസിന് സമീപത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപകടകരഹിതമായി ട്രാക്ക് മുറിച്ചു കടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. മെന്റര്‍ ടീച്ചറന്‍മാരെ സ്‌കൂള്‍ തുറക്കും മുന്‍പ് നിയമിക്കണം. പാഠപുസ്തകങ്ങള്‍ യൂണിഫോം എന്നിവ എല്ലാ വിദ്യാര്‍ത്ഥികളുടെ പക്കലും എത്തി എന്ന് ഉറപ്പാക്കണം.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
അതേസമയം മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിനാണ് തുറക്കുന്ന്. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെയുള്ള ക്ലാസുകള്‍ക്കാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതു ബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബര്‍ അവബോധം, പൊതു നിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നത്. ജൂണ്‍ 3 മുതല്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ചുള്ള ക്ലാസുകള്‍ നടത്തണം. ദിവസവും 1 മണിക്കൂര്‍ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha