ആ മലയാളിപ്പട വരവായി... ന്യൂയോര്‍ക്ക് ടൈംസ് ആക്രമിച്ചപോലെ, ഷറപോവയുടെ പേജ് ആക്രമിച്ചപോലെ, പാകിസ്താന് വെബ്‌സൈറ്റ് ആക്രമിച്ചപോലെ...

ആരോരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്ന ആപ്തവാക്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് റോജി റോയ് മലയാളികളുടെ മനസിലെ നെരിപ്പോടാകുന്നു. ജീവിതം എന്തെന്നറിയാത്ത ആ പാവം, കിംസ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്നും താഴേക്ക് പതിച്ചപ്പോള്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയാണ്. പ്രതീക്ഷയാണ്. ശബ്ദമാണ്. വേദനയാണ്... ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാതെ സംസാര ശേഷിയില്ലാത്ത ആ മാതാപിതാക്കളുടെ വേദന മലയാളികള്‍ തിരിച്ചറിഞ്ഞു.
കിംസിന്റെ പേരു പോലും പറയാതെ ഒരു സ്വകാര്യ ആശുപത്രിയായി മാത്രം പറഞ്ഞ് ഒറ്റകോളം വാര്‍ത്തയാണ് പല മുഖ്യധാരാ മലയാള മാധ്യമങ്ങളും നല്‍കിയത്. ചുംബന സമരത്തിന് സ്‌പെഷ്യല്‍ പേജ് നല്‍കി ആഘോഷിച്ചവരാണ് ഇവിടത്തെ മാധ്യമ ലോകം. പക്ഷെ ഈ കുരുന്ന് ജീവന്റെ വില കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ മന:പൂര്‍വം കണ്ണടച്ചു.
അങ്ങനെ റോജിയുടെ മരണം ഒരു സാധാരണ ആത്മഹത്യയിലേക്ക് നീളുന്ന സന്ദര്‍ഭത്തിലാണ് ദൈവത്തിന്റെ അദൃശ്യ സ്പര്‍ശം വരുന്നത്. ന്യൂയോര്‍ക്ക് ടൈംസിനെ ആക്രമിച്ച, മറിയ ഷറപോയുടെ പേജ് ആക്രമിച്ച, പാകിസ്ഥാന്‍ വെബ്‌സൈറ്റ് ആക്രമിച്ച ആ മലയാളിപ്പട ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു. അതിലെ പടയാളികളോ ഞാനും നിങ്ങളും പെടുന്ന സാധാരണ സാധാരണക്കാര്‍. അവരുടെ പ്രതിഷേധം കാട്ടു തീ പോലെ പടരുകയാണ്. പാവപ്പെട്ടവന്റെ ശബ്ദം കേള്‍ക്കാത്ത മാധ്യമ ഭീമന്‍മാരെ കേള്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ആ മലയാളിപ്പട. സോഷ്യല്‍ മീഡിയയുടെ ശക്തി എന്തെന്ന് അവര്‍ കാട്ടിക്കൊടുക്കുകയാണ്. പണ്ടൊക്കെ പത്രങ്ങളായിരുന്നു ശരിയും തെറ്റും നിശ്ചയിച്ച് വിധികല്‍പ്പിക്കുന്നത്. എന്നാല്‍ കാലം മാറി. കഥ മാറി. തെറ്റ് കണ്ടാല്‍ ഇനി ഏത് കൊമ്പനാണെങ്കിലും ജനം ഇടപെടും. അങ്ങനെ ഒരു ജേര്‍ണലിസവും പഠിക്കാതെ തങ്ങള്‍ക്ക് പറയാനുള്ളത് ശക്തമായ ഭാഷയില്‍ അവര്‍ എഴുതുകയാണ്...
ഇപ്പോള്‍ ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളുടേയും വെബ്‌സൈറ്റുകളേയും ഫേസ്ബുക്ക് പേജുകളേയും ഈ മലയാളിപ്പട ആക്രമിക്കുകയാണ്. മാധ്യമങ്ങള്‍ ഇടുന്ന എല്ലാ വാര്‍ത്തയ്ക്കും പോസ്റ്റിനും താഴെ റോജി അനുകൂലികളുടെ ശക്തമായ കമന്റുകള്‍ കാണാം. പല മാധ്യമങ്ങളും ഇത്തരക്കാതെ ബാന്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ നൂറുകണക്കിന് റോജി അനുകൂലികളാണ് വീണ്ടും വീണ്ടും പുതിയ പുതിയ വിമര്‍ശനവുമായി എത്തുന്നത്. അതോടെ ഈ മാധ്യമങ്ങളെല്ലാം ഡെലീറ്റ് ചെയ്ത് ബാന്‍ ചെയ്ത് മടുത്തു. ഒരാള്‍ ബാന്‍ ചെയ്യുമ്പോള്‍ 9 പേര്‍ അവതരിക്കുന്നു.
അങ്ങനെ സോഷ്യല്‍ മീഡിയയുടെ ശക്തി അവര്‍ നന്നായി മനസിലാക്കുന്നുണ്ട്. തങ്ങളുടെ തൂലികയുടെ ശക്തിയേക്കാള്‍ ആയിരം മടങ്ങ് ശക്തിയാണ് ജേണലിസം പഠിക്കാത്ത ഈ സാധാരണക്കാരുടെ എഴുത്തിന്റെ ശക്തിയെന്നും അവര്‍ക്ക് ബോധ്യമായി.
സമൂഹത്തിന്റെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത് വലിയൊരു നന്മയാണ്. അവര്‍ക്കറിയേണ്ടത് ഒന്നു മാത്രം. പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ഘാതകനാര്? അതിനുള്ള ഉത്തരം തേടിയുള്ള സമരത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഇവര്‍ക്കാവില്ല തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha