ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഏഴാം സ്ഥാനത്ത്

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് മെഡലില്ല. ശനിയാഴ്ച നടന്ന ഫൈനലില്‍ ഏഴാം സ്ഥാനത്താണ് അന്നുവിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
61.12 മീറ്ററാണ് ഫൈനലില്‍ താരത്തിന്റെ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 56.18 മീറ്റര്‍ മാത്രം കണ്ടെത്തിയ അന്നു രണ്ടാം ശ്രമത്തിലാണ് 61.12 മീറ്ററിലേക്ക് ജാവലിന്‍ പായിച്ചത്. പിന്നീടുള്ള നാല് ശ്രമങ്ങളിലും താരത്തിന് 60 മീറ്റര്‍ പിന്നിടാനായില്ല.
66.91 മീറ്റര്‍ കണ്ടെത്തിയ ഓസ്ട്രേലിയയുടെ കെല്‍സി ലീ ബാര്ബെറിനാണ് സ്വര്‍ണം. 64.05 മീറ്റര്‍ എറിഞ്ഞ് അമേരിക്കയുടെ കാറ വിങ്ങര്‍ വെള്ളിയും 63.27 മീറ്റര്‍ കണ്ടെത്തിയ ജപ്പാന്റെ ഹരുക കിറ്റാഗുച്ചി വെങ്കലവും നേടി.
ജാവലിനില്‍ ജപ്പാന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണിത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലായിരുന്നു ഇത്.
നേരത്തെ 2019 ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം അന്നു സ്വന്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha