കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹൈജംപില്‍ ഇന്ത്യന്‍ താരം തേജസ്വിന് ശങ്കറിന് വെങ്കല മെഡല്‍, ജൂഡോയില്‍ തൂലികയ്ക്ക് വെള്ളി
കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹൈജംപില്‍ ഇന്ത്യന്‍ താരം തേജസ്വിന് ശങ്കര്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. അത്ലറ്റിക്സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിലൂടെ ബര്‍മിംഗ്ഹാം മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച തേജസ്വിന് 2.22 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് മെഡല്‍ നേട്ടത്തിലെത്തിയത്.
2.28 മീറ്റര്‍ ചാടിക്കടന്ന ഓസ്ട്രേലിയയുടെ ബ്രാന്‍ഡന്‍ സ്റ്റാര്‍ക്ക് സ്വര്‍ണം നേടിയ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ ഹാമിഷ് കെര്‍(2.25 മീറ്റര്‍) വെള്ളി മെഡല്‍ നേടി. 2022 ഗെയിംസിലെ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് മെഡലാണ് തേജസ്വിന് സ്വന്തമാക്കിയത്.
അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ 78 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ തൂലിക മാന്‍ വെള്ളി മെഡല്‍ നേടി. സ്കോട്ടിഷ് താരം സാറാ അഡ്ലിംഗ്ടനാണ് തൂലികയെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയത്.
മത്സരത്തിന്റെ അവസാന നിമിഷം നടത്തിയ നീക്കത്തിലൂടെയാണ് സാറ 'ഇപ്പോണ്' നേടി ജയം ഉറപ്പിച്ചത്. 2022 ഗെയിംസില്‍ ജൂഡോ കളത്തില്‍ നിന്ന് തൂലിക നേടിയെടുത്തത് ഇന്ത്യയുടെ 16-ാമത് മെഡലാണ് .
"
https://www.facebook.com/Malayalivartha