ജപ്പാനില്‍ അടിയന്തരാവസ്ഥ, ചൈനയ്ക്ക് മരണമില്ലാത്ത ദിനം

ജപ്പാനില്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ, കോവിഡ് പടരുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സും കൊളംബിയയും ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീട്ടി. ഇതേസമയം 2 മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസത്തിന്റെ ആശ്വാസത്തിലാണു ചൈന.
യുഎന്‍ അംഗീകരിച്ച 193 രാജ്യങ്ങളിലെയും രണ്ടു നിരീക്ഷക രാജ്യങ്ങളിലെയും പത്തിലേറെ അധികാര മേഖലകളിലെയും ഉള്‍പ്പെടെ ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷത്തിലെത്തി. മരണസംഖ്യ മുക്കാല്‍ ലക്ഷം കവിഞ്ഞു.
ജപ്പാനില്‍ തലസ്ഥാനമായ ടോക്കിയോയിലും കൂടുതല്‍ ജനസംഖ്യയുള്ള 6 പ്രദേശങ്ങളിലും മേയ് 6 വരെ അടിയന്തരാവസ്ഥ. 44% ജനങ്ങളെ നിയന്ത്രണങ്ങള്‍ ബാധിക്കും. 9,990 കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.
ജനുവരിക്കു ശേഷം ഇതാദ്യമായി ചൈനയില്‍ പുതിയ കോവിഡ് മരണമില്ല. എന്നാല്‍ പുതുതായി 32 രോഗികള്‍. എല്ലാവരും പുറത്തുനിന്ന് മടങ്ങിയെത്തിയവര്‍. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നു.1.1 കോടി ജനസംഖ്യയുള്ള ഇവിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 2 കേസുകള്‍ മാത്രം.
ഒരു ലക്ഷത്തിലേറെ രോഗികളുളള ജര്‍മനിയില്‍ മരണം രണ്ടായിരത്തില്‍ താഴെമാത്രം. രോഗനിര്‍ണയ പരിശോധനയുടെ എണ്ണത്തിലും ജര്‍മനി മുന്‍പില്‍.
റഷ്യയില്‍ ഒറ്റദിവസത്തെ കേസുകള്‍ 1000 കടന്ന് റെക്കോര്‍ഡിട്ടു. ഇന്തൊനീഷ്യ, മെക്‌സ്‌ക്കോ എന്നിവിടങ്ങളിലും പുതിയ കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഒറ്റദിവസത്തെ മരണ സംഖ്യയില്‍ (786) ബ്രിട്ടനും റെക്കോര്‍ഡ്.
ഫിലിപ്പീന്‍സില്‍ പട്ടിണി മൂര്‍ധന്യത്തിലെന്നു റിപ്പോര്‍ട്ട്. ഇരുപതോളം ഡോക്ടര്‍മാര്‍ രോഗം പിടിപെട്ടു മരിച്ചു. ഫിലിപ്പീന്‍സ് ലോക്ഡൗണ്‍ 30 വരെയും കൊളംബിയ ക്വാറന്റീന്‍ രണ്ടാഴ്ചത്തേക്കും നീട്ടി.
സ്‌പെയിനില്‍ 4 ദിവസങ്ങള്‍ക്കുശേഷം രോഗികളുടെ മരണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 743 മരണം. രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തായി. നൈജീരിയയില്‍ ലാഗോസില്‍ ലോക്ഡൗണിനിടെ ജന്മദിനാഘോഷം നടത്തിയതിന് ജനിഫ എന്നപേരില്‍ പ്രശസ്തയായ ഹോളിവുഡ് നടി ഫങ്കെ അക്കിന്‍ഡേലിനെ അറസ്റ്റ് ചെയ്തു.
ഛാഡ് മുന്‍ പ്രസിഡന്റ് ഹിസ്സെന്‍ ഹബ്രെയെ (74) രണ്ടു മാസത്തേക്ക് സെനഗല്‍ ജയിലില്‍നിന്നു വിട്ടയച്ചു. 1982 മുതല്‍ 1990 വരെ രാജ്യം ഭരിച്ച, ആഫ്രിക്കയുടെ പിനോഷെ എന്നറിയപ്പെടുന്ന അദ്ദേഹം യുദ്ധക്കുറ്റങ്ങളുടെ പേരില്‍ 2013 മുതല്‍ ജയിലിലായിരുന്നു. അതിനിടെ ന്യൂസീലന്‍ഡില്‍ ലോക്ഡൗണ്‍ ലംഘിച്ച ആരോഗ്യ മന്ത്രിയെ തരംതാഴ്ത്തി.
കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി വിദ്യാര്‍ഥികള്‍. ടോക്കിയോ സര്‍വകലാശാലയിലെ ചടങ്ങില്‍ ബിരുദം ഏറ്റുവാങ്ങാന്‍ പേരുവിളിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു പകരം തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകള്‍. പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയുടെ മുഖം തെളിയും. റോബട്ടുകളെ വീട്ടിലിരുന്ന് കുട്ടികള്‍ തന്നെ നിയന്ത്രിച്ചു.
https://www.facebook.com/Malayalivartha