പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി കേസെടുത്തതോടെ ആദ്യം ഒളിവിൽ കഴിഞ്ഞത് കല്ലറയിൽ; അവിടെ നിന്ന് കോയമ്പത്തൂരടക്കം പതിനാറ് ഇടങ്ങളിൽ വേഷം മാറി ഒളിവ് ജീവിതം നയിക്കുന്നതിനിടെ കുടുങ്ങിയത് സുഹൃത്തിന്റെ മൊബൈൽ നമ്പർ പിന്തുടർന്ന് പോലീസ് മധുര ഹോട്ടലിലെത്തിയതോടെ

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി ഒളിവിൽ പോയി പോലീസ് പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീഖ് (37) ഒളിവിൽ കഴിഞ്ഞത് 16 ഇടങ്ങളിൽ. പോലീസ് കേസെടുത്തതോടെ തൊളിക്കോട് വിട്ട ഷെഫീഖ് ആദ്യം ഒളിവിൽ കഴിഞ്ഞത് കല്ലറയിലായിരുന്നു. അവിടെ നിന്നും തൃപ്പൂണിത്തുറയിലേക്ക് ഒളിവിൽ പോയി. പിന്നീട് സഹോദരനൊപ്പം പെരുമ്പാവൂരിലേക്ക് പോയി.
പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഷെഫീഖ് കാർ അവിടെ ഉപേക്ഷിച്ചശേഷം സഹോദരൻ സുധീറിനൊപ്പം ഇയാളുടെ കാറിൽ കോയമ്പത്തൂരിലേക്ക് പോയി. അവിടെ നിന്നും മധുര, കൊടൈക്കനാൽ, ഊട്ടി, പളനി, വിശാഖപട്ടണം എന്നിവിടങ്ങളിൽ മാറി മാറി താമസിച്ചു. പോലീസ് തിരിച്ചറിയാതിരിക്കാൻ താടിയും മീശയുമെടുത്തു.
ഷെഫീഖിന്റെ സഹോദരനായ നൗഷാദിന് പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യാപാരമാണ്. കോയമ്പത്തൂരിൽ നിരവധി കച്ചവടക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. എ.ടി.എം. കാർഡ് ഉപയോഗിച്ചാൽ പോലീസ് പിടിക്കുമെന്നതിനാൽ ഇയാൾ കോയമ്പത്തൂരിലെ വ്യാപാരികളെ കണ്ട് നേരിട്ട് പണം വാങ്ങുകയാണ് ചെയ്തിരുന്നത്. പോലീസ് പിടിയിലാകുന്നതിന് മുമ്പ് സഹോദരൻ സുധീർ അവിടെ നിന്നും മാറിയിരുന്നു. മുൻ ഇമാമിന്റെ സഹോദരങ്ങളായ സുധീറിന്റെയും നൗഷാദിന്റെയും സുഹൃത്തായ ഫാസിലാണ് പോലീസ് പിടിയിലാകുമ്പോൾ ഷെഫീഖിനൊപ്പമുണ്ടായിരുന്നത്. ഫാസിലിന്റെ മൊബൈൽ നമ്പർ പോലീസിന് കിട്ടിയതോടെയാണ് ഇവരെ പിടിക്കാനായത്.
ഫാസിലിന്റെ മൊബൈൽ പിന്തുടർന്നാണ് ഇവരെ മധുരയിലെ ഹോട്ടലിൽ നിന്നും പോലീസ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ഡി. അശോകനും പോലീസുകാരനായ ജയ്‌സണും വ്യാഴാഴ്ച രാവിലെ മധുരയിലെത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി മുൻ ഇമാം മധുരയിലുണ്ടെന്ന് മനസിലാക്കി എ.എസ്.ഐ. ഷിബു, പോലീസുകാരായ ഫിറോസ്, ദിലീപ്, നെബിൾ രാജ്, അനൂപ്, ടൈസൺ എന്നിവർ മധുരയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. മുൻ ഇമാമിനെയും സഹായിയേയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























