വയനാട്ടില്‍ മാവോയിസ്റ്റുകള്‍ നടത്തിയ റിസോര്‍ട്ട് ഓപ്പറേഷന്‍ പൊളിഞ്ഞതില്‍ പൊലീസിന്റെ പൂര്‍ണവിജയമാണെന്ന് പറയാനാകില്ല, മാവോയിസ്റ്റുകളുടെ നീക്കം അവസാനം പാളിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്

വയനാട്ടിലെ റിസോര്‍ട്ടുകളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചും നാട്ടുകാരെയും ആദിവാസികളെയും ഭീഷണിപ്പെടുത്തിയും മാവോയിസ്റ്റുകള്‍ കുറേ നാളായി ഭീഷണിപ്പെടുത്തി പണവും ആഹാരസാധനങ്ങളും മറ്റും കൈവശപ്പെടുത്തുന്നത് പതിവാണെങ്കിലും ഇവരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. പലപ്പോഴും ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ട അവസരം ഇക്കുറി പൊലീസിന് മുതലാക്കാനായത് അവരുടെ പൂര്‍ണമായ നേട്ടമെന്ന് പറയുന്നതിലുപരി മാവോയിസ്റ്റുകള്‍ക്ക് അവസാന നിമിഷം സംഭവിച്ച മണ്ടത്തരമാണ്. റിസോര്‍ട്ടിലെത്തിയ പത്തംഗ സംഘം പണമാണ് ആവശ്യപ്പെട്ടത്. ജീവനക്കാര്‍ പിരിവ് നടത്തിയെങ്കിലും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട പണം തികഞ്ഞില്ല. അതോടെ അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
അതോടെ ജീവനക്കാര്‍ എ.ടി.എമ്മില്‍ നിന്ന് പണം എടുത്തിട്ട് വരാമെന്ന് പറഞ്ഞു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് സമ്മതിച്ച ശേഷം അവര്‍ ഒരു ജീവനക്കാരനെ പുറത്തേക്ക് വിട്ടു. അയാള്‍ക്കൊപ്പം എസ്‌കോര്‍ട്ടായി ആരും പോയില്ല. അതോടെയാണ് പണി പാളിയത്. പുറത്തിറങ്ങിയ റിസോര്‍ട്ട് ജീവനക്കാരന്‍ ആരോവഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജനുവരി ഒന്നു മുതല്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ മാവോയിസ്റ്റുകളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഓപ്പറേഷന്‍ അനാക്കോണ്ട എന്നായിരുന്നു അതിന്റെ പേര്. റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. അവരെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ത്തെന്നാണ് പൊലീസും റിസോര്‍ട്ട് ജീവനക്കാരും പറയുന്നത്. പൊലീസ് തിരിച്ച് വെടിയുതിര്‍ത്തപ്പോഴാണ് സി.പി ജലീല്‍ മരിച്ചത്.
വടനാട് - കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ മാവോയിസ്റ്റുകളുടെ സൈ്വര്യവിഹാരം അവസാനിപ്പിക്കാന്‍ കഴിഞ്ഞ കുറേനാളായി പൊലീസ് കൃത്യമായ പദ്ധതികള്‍ നടപ്പാക്കിവരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളെ തുടര്‍ച്ചയായി കാട്ടിലയച്ച് മാവോയിസ്റ്റ് സാനിധ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സുഗന്ധഗിരിയില്‍ ഒരു ഔട്ട് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ലക്കിടി, വൈത്തിരി, തുഷാരഗിരി, കോടന്‍കോട് എന്നിവിടങ്ങളില്‍ ഫോഴ്‌സിനെ വിന്യസിച്ചിട്ടുമുണ്ട്. എലിയും പൂച്ചയും കളി പോലുള്ള തന്ത്രമാണ് മാവോയിറ്റുകള്‍ സ്വീകരിച്ചുവരുന്നതെന്ന് പൊലീസ് പറയുന്നു. ഇടുക്കിയിലും പാലക്കാട് അഗളിയിലും പൊതുജനമധ്യത്തിലെത്തി നോട്ടീസുകളും മറ്റും വിതരണം ചെയ്ത് വാര്‍ത്ത സൃഷ്ടിച്ചത് വയനാട്ടിലെ പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും സാനിധ്യം അവസാനിപ്പിക്കാനായിരുന്നു.
വയനാട്ടിലെ ലക്കിടിയില്‍ നിന്ന് നിലമ്പൂര്‍- നാടുകാണി ചുരം വഴി തമിഴ്‌നാട്ടിലെ ഊട്ടിയിലേക്ക് മാവോയിസ്റ്റുകള്‍ കടന്നതായും പൊലീസ് പറയുന്നു. അതിനാല്‍ തമിഴ്‌നാട് പൊലീസിന് വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വയനാട്ടില്‍ ടൂറിസം ശക്തമായി വളരുന്നതിനാല്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും കേന്ദ്രീകരിത്ത് ഫണ്ട് ശേഖരിക്കുന്നതിനായാണ് മാവോയിസ്റ്റുകള്‍ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതെന്നും പൊലീസ് പറയുന്നു. ടൂറിസം വളരുന്നത് കൊണ്ട് നഷ്ടം സംഭവിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശവാസികളുടെ പിന്തുണയും മാവോയിസ്റ്റുകള്‍ക്കുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെയും മറ്റും മറവിലാണ് മാവോയിസ്റ്റുകള്‍ ഇവരെ ആകര്‍ഷിക്കുന്നതെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























