കോട്ടയത്ത് വൈദികരെ പള്ളിമുറിയിൽ പൂട്ടിയിട്ട്, പെരുന്നാളിന്റെ നേര്‍ച്ചപ്പണം അടക്കം പള്ളിയിലെ വരുമാനം മുഴുവന്‍ സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്ന് മോഷണം

ചങ്ങനാശേരിക്കു സമീപമുള്ള തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് പള്ളിയില്‍ നിന്ന് നാലു ലക്ഷം രൂപ മോഷ്ടിച്ചു. ഇന്നു പുലര്‍ച്ചെ കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികര്‍ അഞ്ചു മണിക്ക് എഴുന്നേറ്റപ്പോഴാണ് പള്ളിമുറി പുറത്തുനിന്ന് പൂട്ടിയതായി അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ഗ്രില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് പണം കവര്‍ന്നതായി ബോധ്യപ്പെട്ടത്.
കഴിഞ്ഞമാസം നടന്ന പെരുന്നാളിന്റെ നേര്‍ച്ചപ്പണം അടക്കം പള്ളിയിലെ വരുമാനം മുഴുവന്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ കാര്യങ്ങള്‍ അടുത്തറിയാവുന്നവര്‍ ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പള്ളി അധികൃതര്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha

























