സ്വയം വിരമിക്കലിനും സർക്കാരിന്റെ തട; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് മത്സരിക്കുന്നതിൽ നിന്നും പിന്മാറി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹത്തിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ജേക്കബ് തോമസിന് പകരം മറ്റ് ആരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കമ്പലത്തെ ട്വന്റി-20 വൃത്തങ്ങള്‍ അറിയിച്ചു.
ഒരു വര്‍ഷത്തിലേറെ സര്‍വീസ് ബാക്കി നില്‍ക്കെയാണ് സ്വയം വിരമിക്കാനുള്ള ഡി.ജി.പി ജേക്കബ് തോമസിന്റെ തീരുമാനം അറിയിച്ചത് . ചീഫ് സെക്രട്ടറിക്കും കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിനുമാണ് അപേക്ഷ നല്‍കിയിരുക്കുന്നത്.
ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ നാലിന് മുൻപ് വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകില്ല. ഈ സാഹചര്യത്തിലാണ് ജേക്കബിന്റെ പിന്മാറ്റം.
2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. ഐ.എം.ജി ഡയറക്ടറായിരിക്കെ സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിനും ഓഖി ദുരന്തത്തിലെ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രസംഗിച്ചതിനുമാണ് സസ്പെന്ഷന്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ 14 കോടിയുടെ അഴിമതി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും നേരിടുന്നുണ്ട്. ഇക്കാരണത്തില്‍ സ്വയം വിരമിക്കാനുള്ള അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കാന്‍ നിയമതടസ്സം നില നിന്നിരുന്നു.
അതേസമയം മുൻപ് കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ചെയർമാനായിരുന്ന ചാർളി പോളിനെ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തിയെങ്കിലും ക്രൈസ്തവസഭയുടെയും യു.ഡി.എഫിന്റെയും ഇടപെടൽ മൂലം അദ്ദേഹം പിന്മാറുകയായിരുന്നു. ചാലക്കുടി മണ്ഡലത്തിൽപെട്ട കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വൻറി20യാണ്. പഞ്ചായത്തിലെ 19 ൽ 17 വാർഡിലും ട്വൻറി20 ആണ് വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ സംഘടന മത്സരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























