എയര് ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥയുടെ വ്യക്തിവിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് പുറത്തായത് വിവാദമാകുന്നു

എയര് ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥയുടേയും ഇവരുടെ സഹപ്രവര്ത്തകരായ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങള് പുറത്തായതു ഗുരുതര വീഴ്ചയാണെന്നു വ്യക്തമാക്കി എയര് ഇന്ത്യ എക്സ്പ്രസ് അധികൃതര് കലക്ടര്ക്കു പരാതി നല്കി. ഇവര്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനു മുന്പ് സന്ദര്ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് അവരുടെ പേരും വിലാസവും ഫോണ് നമ്പറും സഹിതം പുറത്തായതാണ് വിവാദമുയര്ത്തുന്നത്.
സ്റ്റാന്ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര് (എസ്ഒപി) പ്രകാരം വിമാന ജീവനക്കാര്ക്ക് നിശ്ചിത ദിവസത്തെ ക്വാറന്റീന് ആവശ്യമില്ല. വിമാനം പറക്കുന്നതിനു മുന്പും ശേഷവും അവര് സ്രവ സാംപിള് പരിശോധനയ്ക്കു വിധേയരായി കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പാക്കണമെന്നാണ് ചട്ടം. വിദേശത്തു നിന്ന് 26-ന് എത്തിയ ഈ ഉദ്യോഗസ്ഥ വിമാനത്താവളത്തില് നിന്നു മെഡിക്കല് കോളജ് ആശുപത്രിയിലെത്തി സ്രവ സാംപിള് നല്കി. തുടര്ന്ന് വിമാന ജീവനക്കാര് താമസിക്കുന്ന ഹോട്ടലിലേക്കു പോയി. 28-ന് വൈകിട്ട് 6.30-ന്് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥ ക്വാറന്റീന് ലംഘിച്ചിട്ടില്ലെന്ന് എയര്ഇന്ത്യ എക്സ്പ്രസ് അധികൃതരും പൊലീസും വിശദീകരിച്ചു. പരിശോധനാ ഫലം നെഗറ്റീവാണെങ്കില് വിമാന ജീവനക്കാര്ക്കു ക്വാറന്റീനില്ലാതെ വീട്ടിലേക്കു പോകാമെന്നാണ് ചട്ടം. അതനുസരിച്ച് വീട്ടിലെത്തിയ ശേഷമാണ് സമീപത്തുള്ള കടകളില് പോയത്.
അടുത്ത വിമാനയാത്രയ്ക്കു മുന്പായി പരിശോധന നടത്താന് 30-ന് രാവിലെ 8-മണിക്ക് വീണ്ടും മെഡിക്കല് കോളജിലെത്തി സ്രവ സാംപിള് നല്കി. ഈ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. തുടര്ന്നു 31-ന് രാത്രി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ഗള്ഫ് രാജ്യങ്ങളില് കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാന് 3 തവണ വിമാനത്തില് പോകാന് തയാറായ ഉദ്യോഗസ്ഥ, ക്വാറന്റീന് ചട്ടം ലംഘിച്ചുവെന്ന മട്ടിലുള്ള പ്രതികരണങ്ങള് വേദനാജനകമാണെന്ന് അവരുമായി അടുത്ത വൃത്തങ്ങള് പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച എയര് ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥയുടെ പേരും മേല്വിലാസവുമടങ്ങിയ റൂട്ട് മാപ്പ് ചോര്ന്നതിനെപ്പറ്റി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. റൂട്ട് മാപ്പ് സമൂഹമാധ്യമങ്ങളില് പ്രചരിച്ചത് വിവാദമായതിനെത്തുടര്ന്നാണ് അന്വേഷണമെന്ന് സിറ്റി പൊലീസ് കമ്മിഷണര് വിജയ് സാഖറെ പറഞ്ഞു. സിറ്റി പൊലീസ് തയാറാക്കിയ റൂട്ട് മാപ്പ് ചൊവ്വാഴ്ച വൈകിട്ടു തന്നെ വാട്സാപ് ഗ്രൂപ്പുകളില് പ്രചരിച്ചിരുന്നു. കോവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള് പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്.
ഇവരുടെ ഫോണ് നമ്പര് അടക്കമുള്ള വിവരങ്ങള് പുറത്തായതും സാമൂഹ മാധ്യമങ്ങള് വഴി പ്രചരിക്കുന്നതും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കി. ഇങ്ങനെ ഫോണ് നമ്പര് ലഭിച്ച ചില സാമൂഹികവിരുദ്ധര് അതില് വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























