'ദലിത് പെൺകുട്ടിയും രാജ്യത്തിന്റെ മകളാണ്'; ഡല്ഹിയില് ഒമ്പത് വയസുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതികരണവുമായി രാഹുല് ഗാന്ധി

ഡല്ഹിയില് ഒമ്പത് വയസുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവത്തില് പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ദലിത് കുട്ടിയും രാജ്യത്തിന്റെ മകളാണെന്ന് രാഹുല് ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പത്രവാര്ത്തയുടെ സ്ക്രീന്ഷോട്ട് ഷെയര് ചെയ്താണ് രാഹുലിന്റെ പ്രതികരണം.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ഡല്ഹിയിലെ പുരാനാ നങ്കല് ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഡല്ഹി കേന്റാണ്മെന്റ് പ്രദേശത്തെ ശ്മശാനത്തോട് ചേര്ന്നുള്ള വാടകവീട്ടിലാണ് ദലിത് ജാതിക്കാരായ കുട്ടിയുടെ നിര്ധന കുടുംബം കഴിഞ്ഞിരുന്നത്. വെള്ളം കുടിക്കാന് പോയ ആ മോള് പിന്നീട് തിരിച്ചുവന്നില്ല. മകളെ കാണാതെ പരിഭ്രാന്തിയിലായ മാതാവ് പലയിടത്തും തിരക്കി. ഒടുവില് ശ്മശാനത്തിലെ പുരോഹിതന്റെ കൂട്ടാളികള് തന്നെ ചലനമറ്റ മകളുടെ ശരീരം ആ അമ്മയ്ക്ക് കാണിച്ചുകൊടുത്തു. കൂളറില് നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടി ഷോക്കടിച്ച് മരിച്ചുവെന്ന പച്ചക്കള്ളമാണ് അവര് പറഞ്ഞത്.
പൊലീസിനെ വിവരമറിയിച്ചാല് അവര് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് അയക്കുമെന്നും അവയവങ്ങള് മോഷണം പോകുമെന്നും പുരോഹിതന് അമ്മയോട് പറഞ്ഞു. കുടുംബത്തിനുമേല് സമ്മര്ദം ചെലുത്തി മൃതദേഹം ഉടന് ദഹിപ്പിക്കുകയും ചെയ്തു.
എന്നാല്, കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളും ചുണ്ട് നീല നിറമായി മാറിയതും മാതാപിതാക്കള് ശ്രദ്ധിച്ചിരുന്നു. അരുതാത്തത് എന്തോ നടന്നുവെന്ന സംശയം ഇവരുടെ മനസ്സില് തീക്കോരിയിട്ടു. ഒടുവില്, തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്കരിച്ച വിവരം അയല്ക്കാരോട് പറഞ്ഞതോടെയാണ് പുറംലോകം ഈ ക്രൂരകൃത്യം അറിയുന്നത്. ഇതോടെ ശ്മശാനത്തിന് സമീപം നാട്ടുകാര് ഒത്തുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
കുട്ടിയെ ശ്മശാനത്തില് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രാധേശ്യാമിനെയും ശ്മശാനം ജീവനക്കാരായ സാലിം, ലക്ഷ്മിനാരായണ്, കുല്ദീപ് എന്നിവരെയും അറസ്റ്റ് ചെയ്തു. പോക്സോ, എസ്.സി/എസ്.ടി നിയമങ്ങള് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്.
https://www.facebook.com/Malayalivartha



























