ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു

നീണ്ടൂർ: ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ആൾ കാൽവഴുതി വീണ് മുങ്ങി മരിച്ചു. നീണ്ടൂർ പ്രാവട്ടം പുല്ലുകുന്നേൽ പി.കെ ലാലു (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30ഓടെ കളത്തൂർ ഭഗവതിക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. സമീപത്തെ കരയോഗ കെട്ടിടത്തിലെ പുരയിടത്തിൽ നിന്നും വിറക് ശേഖരിച്ചശേഷം, കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട ഓടിയെത്തിയ സമീപവാസിയായ വീട്ടമ്മ കരയോഗം സെക്രട്ടറിയെ വിവരമറിയിച്ചു. തുടർന്ന് കടുത്തുരുത്തി അഗ്നിശമനസേനയിലും ഏറ്റുമാനൂർ പൊലീസിലും വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി കുമാറിന്റെനേതൃത്വത്തിലുള്ള സേനയും സ്‌കൂബാ ടീമും സ്ഥലത്തെത്തി.കുളത്തിൽ ഇറങ്ങി തെരച്ചിൽ നടത്തി ലാലുവിന്റെ മൃതദേഹം കണ്ടെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുളത്തിൽ ഒന്നരയാൾ അടി വെള്ളമുണ്ടായിരുന്നു. ലാലുവിന് ഇടയ്ക്ക് ഫിറ്റ്‌സ് ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആശ. മക്കൾ: അമലു, അമൽ. മരുമകൻ: മനു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
https://www.facebook.com/Malayalivartha


























