എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ ചോര്‍ത്തി വില്‍ക്കല്‍ - അച്ചടിക്കരാര്‍ അഴിമതി കേസ്... പരീക്ഷാഭവന്‍ സെക്രട്ടറി അടക്കം 3 പ്രതികള്‍ക്ക് 5 വര്‍ഷം തടവും 12.45 ലക്ഷം രൂപ പിഴയും, പ്രതികളുടെ വഞ്ചന കാരണം പരീക്ഷകള്‍ റദ്ദാക്കിയതിലും പുന: പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സര്‍ക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തല്‍

സംസ്ഥാന എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ ചോര്‍ത്തി വില്‍ക്കല്‍ - അച്ചടിക്കരാര്‍ അഴിമതി കേസില്‍ പരീക്ഷാഭവന്‍ സെക്രട്ടറി അടക്കം 3 പ്രതികള്‍ക്ക് 5 വര്‍ഷം തടവും 12.45 ലക്ഷം രൂപ പിഴയും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം അധിക തടവനുഭവിക്കാനും ജഡ്ജി എസ്.സനില്‍കുമാര്‍ വിധിന്യായത്തില്‍ ഉത്തരവിട്ടു.സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതി കേസിന്റെ വിചാരണക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി സി ബി ഐ കോടതി ശിക്ഷ വിധിച്ചത്.
മണി പ്രിന്റേഴ്‌സ് എന്ന വ്യാജപേരിലുള്ള കടലാസ് സ്ഥാപനത്തിന്റെ പേരില്‍ എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവില്‍ താമസം മരണപ്പെട്ട ഒന്നാം പ്രതി രാജന്‍ ചാക്കോയുടെ ഭാര്യയും മണി പ്രിന്റേഴ്‌സിന്റെ വ്യാജ പേരില്‍ ബാങ്ക് അക്കൗണ്ടു വഴി തുക മാറിയെടുത്തയാളുമായ അന്നമ്മ ചാക്കോ , നാലാം പ്രതി പൂജപ്പുര പരീക്ഷാഭവനിലെ മുന്‍ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ്.രവീന്ദ്രന്‍ , ആറാം പ്രതി സംസ്ഥാന പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ താമസം വി. സാനു എന്നിവരെയാണ് ശിക്ഷിച്ചത്.
ചോദ്യപേപ്പര്‍ കരാര്‍ അഴിമതിയിലും പേപ്പര്‍ ചോര്‍ത്തി വിറ്റതടക്കമുള്ള പ്രതികളുടെ വഞ്ചനാപരമായ പ്രവൃത്തികള്‍ കാരണം പരീക്ഷകള്‍ റദ്ദാക്കിയതിലും പുന: പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സര്‍ക്കാരിന് 1. 32 കോടി രൂപയുടെ നഷ്ടം പ്രതികള്‍ വരുത്തിയതായുമുള്ള സിബിഐ കുറ്റപത്രം സംശയാതീതമായി തെളിഞ്ഞതായും കോടതി കണ്ടെത്തി.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (ഡി) (പൊതു സേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കി നല്‍കല്‍ , സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തല്‍) കുറ്റത്തിന് 4 വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) കുറ്റത്തിന് അന്നമ്മ ചാക്കോ 5 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ഒടുക്കണം. 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) കുറ്റത്തിന് 4 വര്‍ഷം തടവും 5 ലക്ഷം പിഴയും ഒടുക്കണം. ചതിക്കലിനുള്ള ഗൂഡാലോചനക്ക് 2 വര്‍ഷം തടവും 50,000 രൂപ പിഴയും ഒടുക്കണം. വകുപ്പ് 7 ( കൈക്കൂലി സ്വീകരിക്കല്‍) പ്രകാരമുള്ള അഴിമതിക്കുള്ള ഗൂഢാലോചനക്ക് പ്രതികള്‍ 6 മാസം തടവും 25,000 രൂപ പിഴയും ഒഴുക്കണം. വകുപ്പ് 13 (ഡി) പ്രകാരമുള്ള ഗൂഢാലോചനക്ക് 1 വര്‍ഷം തടവും 50,000 പിഴയും ഒടുക്കണം.
ഒന്നാം പ്രതി രാജന്‍ ചാക്കോ ,മൂന്നാം പ്രതി മാനേജിംഗ് ഡയറക്ടര്‍ വി. സുബ്രഹ്മണ്യന്‍ , അഞ്ചാം പ്രതി കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ കാര്യവട്ടം അമലീനയില്‍ താമസം സി.പി. വിജയന്‍ നായര്‍ , ഏഴാം പ്രതി പരീക്ഷാ ഭവനിലെ എല്‍.ഡി. ക്ലാര്‍ക്ക് കെ. അജിത് കുമാര്‍ എന്നിവര്‍ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.
2005 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ചോര്‍ത്തല്‍ സംഭവം നടന്നത്. പൊതുസേവകരായ ഉദ്യോഗസ്ഥര്‍ മറ്റു പ്രതികളുമായി ഗൂഡാലോചന നടത്തി ഫെബ്രുവരിയില്‍ നടന്ന മോഡല്‍ പരീക്ഷയുടെയും മാര്‍ച്ചിലെ പ്രധാന പരീക്ഷയുടെ ചോദ്യപേപ്പറും മോഷ്ടിച്ച് ചോര്‍ത്തി പലര്‍ക്കും വിറ്റഴിച്ച് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് സി ബി ഐ കേസ്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്.
സംഭവം പുറം ലോകമറിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുന: പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസ്സിന് അച്ചടിക്കരാര്‍ നല്‍കിയതെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. അച്ചടിക്കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ 2004 നവംബര്‍ 16ന് പരീക്ഷാഭവന്‍ സെക്രട്ടറി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ ഓഫീസിലെ നോട്ട് ഫയലുകളില്‍ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയില്‍ കരാര്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രതികള്‍ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
.
2002 മുതല്‍ മണി പ്രിന്റേഴ്‌സിന്റെ പേരില്‍ രാജന്‍ ചാക്കോ ചോദ്യ പേപ്പര്‍ അച്ചടിക്കരാര്‍ സമ്പാദിച്ചിരുന്നത് പരീക്ഷാ നടത്തിപ്പിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്നമ്മ ചാക്കോ അക്കൗണ്ട് തുടങ്ങി പണം കൈപ്പറ്റി. തന്റെ സ്ഥാപനവുമായി അച്ചടിക്കരാര്‍ നിലവിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വി. സുബ്രഹ്മണ്യന്‍ വിശ്വനാഥ് പ്രിന്റേഴ്‌സില്‍ ചോദ്യപേപ്പര്‍ അച്ചടിച്ചത്. എസ്.രവീന്ദ്രന്‍ , സി.പി.വിജയന്‍ നായര്‍ , വി. സാനു എന്നിവര്‍ ചേര്‍ന്നാണ് മണി പ്രിന്റേഴ്‌സിന്റെ പേരില്‍ ചെക്കുകള്‍ നല്‍കിയത്. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തേ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാാമുണ്ടെന്നും പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉള്ളതായും വിലയിരുത്തിയാണ് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
കേസില്‍ പ്രതിയായിരുന്ന ചെന്നൈ വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന കെ. സുരേഷിനെ ( 43 ) കേസന്വേഷണ ഘട്ടത്തില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. സുരേഷ് താന്‍ ചെയ്ത കൃത്യവും മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങളും ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് സി ബി ഐ കോടതി ഇയാള്‍ക്ക് മാപ്പ് നല്‍കി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്.
ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ചാര്‍ജ് ചെയ്ത ആദ്യ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന വഞ്ചിയൂര്‍ ഖാദി ബോര്‍ഡിന് സമീപം ബിന്ദു വിജയന്‍ ( 49 ) , ചെന്നൈ ടി നഗറില്‍ സിന്ധു സുരേന്ദ്രന്‍ ( 49 ) എന്നിവരെ എറണാകുളം സിബിഐ കോടതി 2011 ല്‍ 3 വര്‍ഷം തടവിനും പിഴക്കും ശിക്ഷിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























