വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസാക്ഷിയെ നടുക്കുന്ന റിപ്പോർട്ടുകൾ; ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി ഡോക്ടറെ കെണിയിൽപ്പെടുത്തി: മദ്യം ശീതളപാനീയത്തിൽ ചേർത്ത് നൽകി സ്വബോധം നഷ്ടപ്പെടുത്തി: പെൺകുട്ടിയുടെ മുഖം മാർച്ച് ഊഴമിട്ട് പലരും പീഡനത്തിനിരയാക്കിയത് മരണത്തിനിടയാക്കി; കലുങ്കിനടിയിൽ മൃതദേഹം കത്തിച്ച് ഭാവഭേദമില്ലാതെ വീടുകളിലേയ്ക്ക് പ്രതികളുടെ യാത്ര

തെലങ്കാനയിൽ 26 വയസുള്ള വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസാക്ഷിയെ നടുക്കുന്ന റിപ്പോർട്ടുകൾ. ഷംഷാബാദിൽ ബുധനാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകിയാണ് ഡോക്ടറെ കെണിയിൽപ്പെടുത്തി പീഡനത്തിനിരയാക്കിയത്. സംഭവത്തിന് മുമ്പ് തന്നെ മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചിരുന്നു. തുടർന്ന് പലരും ഊഴമിട്ട് പീഡനത്തിനിരയാക്കി. ഈ സമയത്തെല്ലാം യുവതിയുടെ മുഖം മറച്ചിരുന്നു. ഇതാണ് മരണത്തിലേയ്ക്ക് നയിച്ചതും. തുടർന്ന് പെട്രോൾ വാങ്ങി പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആരിഫും ശിവയുമാണ് ലോറിയിൽ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാൻ വൈകിയതു കൊണ്ട് അവർ ടോൾ പ്ലാസയിൽ കാത്തുനിൽക്കുമ്പോൾ സുഹൃത്തുക്കളായ മറ്റു പ്രതികൾ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തിൽ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേർന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടർന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോൾ, സഹായിക്കാമെന്നു പറഞ്ഞ് ഒരാൾ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോൾ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചു.
ടോൾ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാർക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു രാജേന്ദ്രനഗറിലെ ട്രക്ക് ഉടമയായ ശ്രീനിവാസ് റെഡ്ഡിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ആരിഫ് ഉൾപ്പെടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു. ലോറി പാർക്ക് ചെയ്ത് അതിന്റെ മറവിലായിരുന്നു പീഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളിൽ കൊണ്ടുവിട്ടു. തുടർന്നു നാരായൺപേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി. രാജ്യത്ത് കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നുണ്ട്. ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ ഷഡ്‍നഗർ പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചതു സംഘർഷം സൃഷ്ടിച്ചിരുന്നു. പ്രതികൾക്ക് നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ രണ്ടാം ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന യുവതിക്ക് നേരെ പോലീസ് മർദ്ദന മുറ പ്രയോഗിച്ചു. 24കാരിക്ക് അതിക്രമം നേരിടേണ്ടി വന്നതിൽ ഡൽഹി വനിതാ കമ്മിഷൻ ഡിസിപിക്കു നോട്ടിസയച്ചു.
https://www.facebook.com/Malayalivartha
























