ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെ ത്രിശങ്കുവിലായ പ്രവാസി യാത്രികര്‍ക്ക് പുതിയ റൂട്ട്

പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി മലയാളി പ്രവാസികള്‍ക്ക് കുടുക്കാവുന്നു. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയാണ്.
ദോഹയില്‍ നിന്ന് നാട്ടിലേക്ക് നേരിട്ടുള്ള വിമാനം ലഭിച്ചില്ലെങ്കിലും റിയാദ്,ജിദ്ദ, ദുബായ് എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് ഖത്തര്‍ മലയാളികള്‍ നാട്ടിലേക്ക് വരാറുള്ളത്. സൗദ്ദിയിലേക്കോ റിയാദിലേക്കോ പോകേണ്ടവര്‍ ദോഹ വഴിയും ഇങ്ങനെ മാറികേറി വരാറുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം നാട്ടിലേക്ക് നേരിട്ടുള്ള ടിക്കറ്റ് എടുക്കേണ്ടി വരും.
ഖത്തറില്‍ നിന്നുള്ള വിമാനങ്ങളില്‍ നിലവില്‍ ടിക്കറ്റ് വര്‍ധനവ് ഇല്ലെങ്കിലും ഈ മാസം 22-ന് ഖത്തറിലെ സ്‌കൂളുകള്‍ അടയ്ക്കുന്നതോടെ ഈ റൂട്ടിലെ വിമാനയാത്രയ്ക്ക് ചിലവേറുമെന്ന് ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇനി കൂടിയ നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടി വരും ടിക്കറ്റ് വാങ്ങാന്‍ തയ്യാറായാലും അത് ലഭ്യമാക്കുമോ എന്ന സംശയവും ബാക്കിയാണ്. നിലവില്‍ കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേഴ്സ് സര്‍വ്വീസുകളെല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്.
കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേഴ്സിന്റെ സര്‍വ്വീസുകളെല്ലാം ഇന്ന് കൃത്യസമയം പാലിച്ചു. എന്നാല്‍ ഖത്തറില്‍ നിന്ന് മറ്റു അറബ് നഗരങ്ങള്‍ വഴി കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികള്‍ക്ക് യാത്ര മാറ്റിവയ്ക്കേണ്ടി വന്നു. ദോഹയില്‍ ജീവിക്കുന്ന പല പ്രവാസി മലയാളികളുടേയും ബന്ധുക്കളും സുഹൃത്തുകളും മറ്റു ജിസിസി രാഷ്ട്രങ്ങളിലുണ്ട്. നിലവിലെ പ്രതിസന്ധിയില്‍ എന്തെങ്കിലും പരിഹാരമാക്കുന്നത് വരെ ഇവര്‍ക്കും പരസ്പരം സന്ദര്‍ശിക്കാന്‍ സാധിക്കില്ല.
അതേസമയം സൗദിയും യുഎഇയും ആകാശവിലക്കേര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ പുതിയ പാതയിലൂടെ പറക്കാന്‍ ആരംഭിച്ചു. സൗദ്ദിയേയും യുഎഇയേയും സ്പര്‍ശിക്കാതെ ഇറാനും ഇറാഖിനും മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്. ഇത് യാത്രാസമയം വര്‍ധിപ്പിക്കുന്നുണ്ട്. ഖത്തറിന് പുറത്ത് ദുബായ്, റിയാദ് വിമാനത്തവാളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇറാനായിരിക്കും ഖത്തര്‍ എയര്‍വേഴ്സിന്റെ ട്രാന്‍സിറ്റ് പോയിന്റ്. ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ ഇറാന്‍ വഴി തിരിച്ചു വിട്ട സാഹചര്യത്തില്‍ ഇന്ധന ഉപഭോഗവും, യാത്രാസമയവും,ടിക്കറ്റ് ചാര്‍ജ്ജുമെല്ലാം വര്‍ധിക്കുമെന്ന് വ്യോമയാനവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൗദി, യുഎഇ, യെമന്‍,ബഹ്റൈന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തി കൊണ്ടിരുന്ന വിമാനങ്ങള്‍ യൂറോപ്പിലേക്കും പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും തിരിച്ചു വിടാനാണ് ഖത്തര്‍ എയര്‍വേഴ്സ് ആലോചിക്കുന്നത്. ഖത്തര്‍ എയര്‍വേഴ്സിന് മാത്രമല്ല ദോഹ ഹബ്ബ് നഷ്ടപ്പെടുന്നതോടെ ഗള്‍ഫ് മേഖലയിലെ എയര്‍ലൈന്‍സുകളും പ്രതിസന്ധി നേരിടുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. യൂറോപ്പ്, എഷ്യ, ലാറ്റിന്‍ അമേരിക്ക വിമാനക്കമ്പനികളാവും ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുകയെന്നും വിദഗ്ദ്ധര്‍ പറയുന്നു. താല്‍ക്കാലം കാര്യങ്ങള്‍ ഇങ്ങനെ മുന്‍പോട്ട് പോകും എന്നാല്‍ വൈകാതെ നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതം പശ്ചിമേഷ്യ അനുഭവിക്കേണ്ടി വരും - വ്യോമയാന വിദഗ്ദ്ധനായ മാര്‍ക്ക് ഡി മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു.
ഖത്തര്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ ഗുണോഭക്താവ് ഇറാനാവും എന്നാണ് മാര്‍ക്കിന്റെ പ്രവചനം. ഇത്തിഹാദ്, സൗദ്ദി എയര്‍ലൈന്‍സ്, ഫ്ളൈ ദുബായ്, എമിറൈറ്റ്സ് തുടങ്ങിയവര്‍ക്കെല്ലാം ഇനി ഖത്തറിന്റെ ആകാശം അവഗണിക്കേണ്ടി വരും. സ്വാഭാവികമായും അടുത്ത ഓപ്ഷന്‍ ഇറാനാണ്. പ്രതിസന്ധി പരിഹരിക്കപ്പെടാത്ത പക്ഷം ദോഹയിലേക്ക് വരാനും പോകാനുമുള്ള ട്രാന്‍സിസ്റ്റ് ഹബ്ബായി ഇറാന്‍ മാറും.
https://www.facebook.com/Malayalivartha