ഖത്തറിനെതിരായ നീക്കത്തെ പിന്തുണച്ച് ട്രംപ്; ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് തീവ്രവാദം അവസാനിപ്പിക്കുന്നതിന്റെ തുടക്കമെന്ന് ട്രംപ്

ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് തീവ്രവാദം തുടച്ചു നീക്കുന്നതിന്റെ തുടക്കമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തന്റെ സൗദി സന്ദര്‍ശന വേളയില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഖത്തര്‍, തീവ്രാദികള്‍ക്ക് ഫണ്ട് നല്‍കുന്നതായി തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശന വേളയില്‍ നേതാക്കള്‍ പറഞ്ഞിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. സൗദി അറേബ്യ, ഈജിപ്റ്റ്, ബഹ്‌റിന്‍, യു.എ.ഇ, എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചത്.
ഖത്തറിനെ ഒറ്റപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശന വേളയില്‍ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ട്രംപിന്റെ ട്വീറ്റ്. അമേരിക്കയുടെ സൈനിക പങ്കാളി കൂടിയാണ് ഖത്തര്‍. ഖത്തറില്‍ യു.എസിന്റെ മിലിട്ടറി ബേസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഇറാനെതിരായ അമേരിക്കന്‍ നീക്കങ്ങള്‍ക്ക് സൗദി അടക്കമുള്ള രാജ്യങ്ങളെ കരുവാക്കുന്നുവെന്നാണ് ഖത്തര്‍ അനുകൂലികളുടെ വിമര്‍ശനം. അതിനിടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റ് ഇടപെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുവൈറ്റ് എമിര്‍ ഷെയ്ഖ് സബ്ഹ അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബ്ഹ സൗദിയുടെ സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha