മഞ്ഞുമലകള്‍ക്കടിയിലെ തടാകം
``ഏറ്റവും അടിത്തട്ടിലെ മഞ്ഞുപാളികള്‍ക്കു നാലുലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു കണക്കാക്കിയിരിക്കുന്നു. മഞ്ഞുപാളികളില്‍ രൂപപ്പെട്ടിരിക്കുന്ന വാതക്കുമിളകളുടെ ഘടന വിശകലനം ചെയ്യുന്നതിലൂടെ മഞ്ഞുപാളികള്‍ രൂപം കൊണ്ട കാലഘട്ടം മുതല്‍ ഇന്നേവരെയുള്ള അന്തരീക്ഷവാതകഘടനയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്നതിനു പുറമെ, ഭാവിയിലെ കാലാവസ്ഥാവ്യതിയാനങ്ങളെപ്പറ്റിയുളള പ്രവചനങ്ങള്‍ക്കും സാധ്യതയേറിയിരിക്കുകയാണ്''. റഷ്യന്‍ അന്റാര്‍ട്ടിക് പര്യവേഷണ സംഘത്തിന്റെ വക്താവു സെര്‍ജി ലെസന്‍കോവ് പറഞ്ഞു.
``വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതു ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. ഇതു റഷ്യക്കാരുടെ വന്‍നേട്ടം തന്നെ. അവര്‍ വര്‍ഷങ്ങളായി പണിയെടുക്കുകയായിരുന്നു.'' എഡിന്‍ബര്‍ഗ് സര്‍വകലാശാല ഭൗമശാസ്‌ത്രവിഭാഗം മേധാവി പ്രൊഫസര്‍ മാര്‍ട്ടിന്‍ സീഗെര്‍ട്ട് പറഞ്ഞു.
``ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വേര്‍പെട്ടുകിടക്കുന്നതും അതികഠിനമായ കാലാവസ്ഥ നിലനില്‌ക്കുന്നതുമായ ഇത്തരമൊരു സ്ഥലത്തു കണ്ടെത്തിയേക്കാവുന്ന ജീവമാതൃകകള്‍ തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ നിലനില്‌ക്കാന്‍ കെല്‌പ്പുള്ളവയായിരിക്കും. പുതിയ ജീവമാതൃകകളെ കാട്ടിത്തരാന്‍ വോസ്‌തോക്ക് തടാകത്തിനു കഴിഞ്ഞാല്‍ സൗരയൂഥത്തില്‍ മറ്റെവിടെയെങ്കിലും ജീവജാലങ്ങളെ കണ്ടെത്താന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായിരിക്കും അത്. ശനിയുടെ ഉപഗ്രഹമായ എന്‍സിലാണ്ടസിന്റെയും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെയും കനത്ത ഹിമാവരണത്തിനടിയിലായി സമുദ്രങ്ങളും വന്‍ തടാകങ്ങളും ഉണ്ടെന്നും, അവയില്‍ ജീവന്‍ നിലനില്‌ക്കാനിടയുണ്ടെന്നും വാദകോലാഹലങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണിത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ശാസ്‌ത്രജ്ഞരുടെ ഈ ചരിത്രനേട്ടത്തിനൊപ്പം വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബോര്‍ഹോള്‍ മഞ്ഞുറഞ്ഞ് അടഞ്ഞുപോകാതിരിക്കാന്‍ മണ്ണെണ്ണ ഉപയോഗിച്ചതു തടാകത്തിലെ ജലം മലിനമാക്കിയേക്കുമെന്നാണു യൂറോപ്യന്‍ ശാസ്‌ത്രജ്ഞരുടെ പക്ഷം. എന്നാല്‍, ഇടയ്‌ക്കു മാലിന്യശങ്കയാല്‍ നിര്‍ത്തിവച്ചിരുന്ന തുരക്കല്‍ മാലിന്യമുക്തമായ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനുശേഷമാണു പുനരാരംഭിച്ചതെന്നു റഷ്യന്‍ ശാസ്‌ത്രജ്ഞര്‍ പറയുന്നു.
പ്രൊഫസര്‍ സീഗെര്‍ട്ട് അധികം താമസിയാതെ അന്റാര്‍ട്ടിക്കിന്റെ പടിഞ്ഞാറുഭാഗത്തു കണ്ടെത്തിയിട്ടുള്ള എല്‍സ്‌വര്‍ത്ത് തടാകത്തില്‍ ഇത്തരമൊരു ഗവേഷണത്തിനു പദ്ധതിയിട്ടിട്ടുണ്ട്. മാലിന്യമുക്തമായ `ചൂടുവെള്ളത്തുരക്കല്‍' ആയിരിക്കും ഇവിടെ ഉപയോഗിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
ഭൗമപര്യവേഷണങ്ങളുടെ അന്ത്യഘട്ടങ്ങളിലൊന്നാണ് അഗാധതകളിലുള്ള തടാകങ്ങളെപ്പറ്റിയുള്ള പഠനം. ഭൗമോപരിതലത്തിലെ മിക്കവാറും മേഖലകളെല്ലാം തന്നെ കണ്ടെത്തി പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പഠനസംഘങ്ങള്‍ സമാനമായ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha