പിന്തുടര്‍ന്ന് പകവീട്ടുന്ന എല്ലാം ആദ്യം അറിയുന്ന രഹസ്യ കൊലയാളി സംഘം; മൊസാദ് എന്ന ചാരസംഘടന
അമേരിക്കയ്ക്ക് സിഐഎയും ഇന്ത്യയ്ക്ക് റോയും പാകിസ്ഥാന് ഐഎസ്‌ഐയും പോലെ ഇസ്രയേലിന്റെ സ്വന്തം മൊസാദ് . ശത്രുവിന് ചുറ്റും അദൃശ്യ വലയം തീര്‍ത്ത് കീഴ്‌പ്പെടുത്തുന്ന കഴുകാന്‍ കണ്ണുകള്‍ . ലോകത്തെ ഞെട്ടിക്കുന്ന രഹസ്യ ദൗത്യങ്ങളെടുത്താല്‍ മുന്‍പന്തിയിലാണ് മൊസാദിന്റെ സ്ഥാനം... CIA കഴിഞ്ഞാല്‍ പാശ്ചാത്യ ലോകത്തെ രണ്ടാമത്തെ വലിയ ചാരവൃത്തി ഏജന്‍സി
1948 ല്‍ ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ , ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗുറിയോണ്‍ , പുതിയ രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യമാണെന്ന് തീരുമാനിച്ചു . 1948 ജൂണ്‍ 7ന് അദ്ദേഹം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ ആദ്യ കൂടിക്കാഴ്ച നടത്തി. 1949 ജൂലൈയില്‍, ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസസ് ഏകോപനത്തിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ റൂവന്‍ ഷിലോഹ് നിര്‍ദ്ദേശിച്ചു. ഹാമൊസ്സാദ് ലെമൊദി ഇന്‍ ഉലേ തഫ്കിഡിം മെയുഹാദിം എന്ന ഇസ്രായേലി പേരുള്ള, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലിജന്‍സ് ആന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എന്ന് ഇംഗ്ലീഷ് പേരുള്ള മൊസാദ് അങ്ങനെ നിലവില്‍ വന്നു .
ചാര സംഘടന എന്ന് ഒരു രാജ്യവും അവരുടെ ചാര സംഘടനയെ പറയാറില്ല. അതുപോലെ തന്നെ മൊസാദ് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ് സയണിസ്റ്റ് പൊളിറ്റിക്കല്‍ ഓഫീസറും ഇസ്രായേല്‍ നയതന്ത്രജ്ഞനും മൊസാദിന്റെ ആദ്യ ഡയറക്ടറുമായിരുന്നു റൂവന്‍ ഷിലോഹ്. രഹസ്യാന്വേഷണ പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ഏകോപനവും ദിശാബോധവും കൈവരിക്കുക എന്നതായിരുന്നു നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം.
1949 ഡിസംബര്‍ 13ന്, ഡേവിഡ് ബെന്‍ ഗുറിയോണ്‍ ഈ ആശയം അംഗീകരിക്കുകയും മൊസാദ് എന്നറിയപ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സ്ഥാപിച്ചു . തലവനായത് റൂവന്‍ ഷിലോഹ്. മൊസാദിന്റെ ആസ്ഥാനം ടെല്‍ അവീവിലാണ്. 1980 കളുടെ അവസാനത്തില്‍ മൊസാദില്‍ 1,500 മുതല്‍ 2,000 വരെ ജീവനക്കാര്‍ ഉണ്ടായിരുന്നു . വെറും 90 ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ ഈ രഹസ്യാന്വേഷണ ഏജന്‍സി എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല എന്നതാണ് പലപ്പോഴും അത്ഭുതകരമായി തോന്നുന്നത്.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സില്‍, സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം പുറത്തു കൊണ്ടു വന്നത്, 1972 ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, അഡോള്‍ഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ല്‍ ഇസ്രായേലി വ്യോമാക്രമണത്തിലൂടെ അതു തകര്‍ത്തത് എന്നിവ മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകളാണ്.
മൊസാദ് എന്ന ചാര സംഘടന ഇസ്രായേലിന് കീഴില്‍ മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആണുള്ളത്. മിലിട്ടറി ഇന്റലിജന്‍സ് ആയ 'അമന്‍', ആഭ്യന്തര സുരക്ഷയ്ക്കായുള്ള 'ഷിന്‍ ബെറ്റ്' രഹസ്യ വിവര ശേഖരണം, രഹസ്യ ഓപ്പറേഷനുകള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയുമായി ഇസ്രായേലിനുള്ളിലെ 'ഡീപ്പ് സ്റ്റേറ്റ്' ആയ മൊസാദ്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി അടുത്ത ബന്ധമാണ് മൊസാദിനുള്ളത്. 1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സ്‌പെഷ്യല്‍ ഗ്രൂപ്പ് കമാന്‍ഡോകളെ പരിശീലിപ്പിച്ചത് മൊസാദ് ആയിരുന്നു
മൊസാദിന്റെ പ്രതികാരങ്ങളില്‍ ഏറ്റവും അധികം വാഴ്ത്തപ്പെട്ടത് മ്യൂണിക്ക് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരം ആയിരുന്നു. 1972 ലെ സമ്മര്‍ ഒളിംപിക്‌സ് നടന്നത് പശ്ചിമ ജര്‍മനിയിലെ മ്യൂണിക്കില്‍ വച്ചായിരുന്നു. ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നം കത്തിനിന്നിരുന്ന കാലം. പലസ്തീന്‍ തീവ്രവാദ സംഘമായ 'ബ്ലാക്ക് സെപ്തംബര്‍' ഇസ്രായേല്‍ ഒളിംപിക് സംഘത്തിലെ ഒമ്പത് പേരെ ബന്ദിയാക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. 234 പലസ്തീന്‍ തടവുകാരെ വിട്ടയക്കണം എന്നതായിരുന്നു ബ്ലാക്ക് സെപ്തംബറിന്റെ ആവശ്യം. എന്നാല്‍ അതിന് ഇസ്രായേല്‍ തയ്യാറായിരുന്നില്ല. കമാന്‍ഡോ ഓപ്പറേഷനിലൂടെ ബന്ദികളെ മോചിപ്പിക്കാന്‍ ആയിരുന്നു ഇസ്രായേല്‍ തീരുമാനം. പക്ഷേ, ആ ഓപ്പറേഷന്‍ പരാജയപ്പെട്ടു. ഒമ്പത് ഇസ്രായേല്‍ ബന്ദികളും കൊല്ലപ്പെട്ടു.
മൊസാദ്ബ്ലാക്ക് സെപ്തംബര്‍ സംഘത്തിലെ അഞ്ച് പേരെ വധിക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു. എന്നാല്‍ അതുകൊണ്ട് ഇസ്രായേലിന്റെ പ്രതികാരം അവസാനിച്ചില്ല. ആ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു. അതിന് മൊസാദിനെ ചുമതലപ്പെടുത്തി. 'ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ്' എന്നായിരുന്നു ആ ഓപ്പറേഷന് പേര് നല്‍കിയത് ദൈവത്തിന്റെ ഉഗ്രകോപം! ഓപ്പറേഷന്‍ ബയനെറ്റ് എന്നും അത് അറിയപ്പെടുന്നു. ഏതാണ്ട് 20 വര്‍ഷമെടുത്തു, മ്യൂണിക്ക് കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്താന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മുതല്‍ 35 പേരാണ് ഇത്തരത്തില്‍ മൊസാദിനാല്‍ കൊല ചെയ്യപ്പെട്ടത്
പിഎല്‍ഒ നേതാവ് യാസിര്‍ അറാഫത്തിനെ വധിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് മൊസാദ്. ഇസ്രായേല്‍ പലസ്തീന്‍ വിഷയം കത്തി നില്‍ക്കുന്ന കാലത്തായിരുന്നു അത്. യാസര്‍ അറാഫത്ത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ കാലത്തും തങ്ങളുടെ ശ്രമങ്ങളില്‍ നിന്ന് മൊസാദ് പിറകോട്ട് പോയിരുന്നില്ല. ആദ്യം 'സാള്‍ട്ട് ഫിഷ്' എന്നായിരുന്നു അറാഫത്തിനെ വധിക്കാനുള്ള പദ്ധതിയുടെ പേര്. പിന്നീടിത് ഓപ്പറേഷന്‍ ഗോള്‍ഡ് ഫിഷ് എന്നാക്കി മാറ്റി. 2002 മുതല്‍ യാസര്‍ അറാഫത്തിനെ ഇസ്രായേല്‍ വീട്ടുതടങ്കലില്‍ പാര്‍പിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ 2004 നവംബര്‍ 11 അറാഫത്ത് മരിച്ചു. റേഡിയേഷന്‍ പോയിസണിങ് ഉപയോഗിച്ച് അറാഫത്തിനെ മൊസാദ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പിന്നീട് പുറത്തുവന്ന പല റിപ്പോര്‍ട്ടുകളും പറയുന്നത്.
മൊസാദിന്റെ ചരിത്രത്തിലെ ഒരു പൊന്‍തൂവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 'ഓപ്പറേഷന്‍ എന്റബെ'. 248 യാത്രക്കാരുമായി എയര്‍ ഫ്രാന്‍സ് വിമാനം പാലസ്തീന്‍ സംഘടനയായ പിഫ്എല്‍പി റാഞ്ചുകയും ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തില്‍ ഇറക്കുകയും ആയിരുന്നു. 1976 നവംബര്‍ 4 ന് ആയിരുന്നു സംഭവം. തടവിലാക്കപ്പെട്ട പലസ്തീന്‍കാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്. എന്തായാലും മ്യൂണിക്കിലെ പോലെ ഒരു ദുരന്തമായി ഇത് അവസാനിച്ചില്ല. മൊസാദും ഇസ്രായേല്‍ പ്രതിരോധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഒരു ബന്ദി പോലും കൊല്ലപ്പെടാതെ എല്ലാവരേയും മോചിപ്പിച്ചു. വിമാനം ഹൈജാക്ക് ചെയ്തവരെ എല്ലാം കൊല്ലുകയും ചെയ്തു.
ലെറ്റര്‍ ബോംബുകളും ടെലിഫോണ്‍ ബോംബുകളും കാര്‍ ബോംബുകളും രാസായുധങ്ങളും എല്ലാം മൊസാദ് ഉപയോഗിച്ചു. ശ്രീലങ്കയില്‍ ഒരേസമയം സൈന്യത്തിനും തമിഴ് പുലികള്‍ക്കും മൊസാദിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറെ രസകരം
ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍, 'ബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്ന 59 കാരനായ മൊഹ്‌സെന്‍ ഫക്രിസാദെയെ വധിക്കാന്‍ ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്ക് ഇറാനിലേക്ക് എത്തിച്ചത് പീസ് പീസാക്കിയാണ് . നവംബര്‍ 27 ന് 12 അംഗരക്ഷകരുമായി ഒരു കാറില്‍ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫക്രിസാദെ. ഈ സമയത്ത് സമീപത്തെല്ലാം ഇസ്രയേലി ചാരന്മാരുണ്ടായിരുന്നു. ഫ്രക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അകലെ നിന്ന് തോക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു അവര്‍.
നിശ്ചിത സ്ഥലത്ത് കാര്‍ കടന്നുപോകുമ്പോള്‍, അവര്‍ ബട്ടണ്‍ അമര്‍ത്തി, വെടിയുതിര്‍ത്തു. പതിമൂന്ന് വെടിയുണ്ടകള്‍ ഫക്രിസാദെ തലയ്ക്കടിച്ചു, 10 ഇഞ്ച് അകലെ ഇരുന്ന ഭാര്യക്ക് പോലും പരുക്കേറ്റില്ല. ശാസ്ത്രജ്ഞന്റെ സുരക്ഷാ മേധാവി തന്റെ ബോസിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാല്‍ നാല് വെടിയുണ്ടകളേറ്റിട്ടുണ്ടെന്ന് ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഓപ്പറേഷനുമായി പ്രവര്‍ത്തിച്ച അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ആക്രമണത്തിന് ശേഷം മൊസാദ് ടീം രക്ഷപ്പെട്ടപ്പോള്‍, ഒരു ടണ്‍ ഭാരമുള്ള ആയുധം സ്വയം പൊട്ടിത്തെറിച്ചു. ഒരു തെളിവും ബാക്കിവെക്കാത്ത ആ കൊലപാതകം മൊസാദിന്റെ ഉന്നതരെപ്പോലും അദ്ഭുതപ്പെടുത്തി
പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംഘടനയായ മൊസാദ് ഇറാനെയാണ് നോട്ടമിടുന്നത് .ലബനനില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്റെ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് പറഞ്ഞത് ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ 20 ഏജന്റുമാര്‍ ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരുന്നു എന്നാണ്. ബുദ്ധിയും യുക്തിയും കരുത്തും കരുതലും രഹസ്യാത്മകതയും ഗൂഢപരതയും വിശ്വസ്തതയും വിട്ടുവീഴ്ചയില്ലായ്മയും മുഖമുദ്രയായ ലോകത്തെ ഏറ്റവും നിഗൂഢമായ ഇസ്രയേലിന്റെ ചാര സംഘടന . അതാണ് മൊസാദ്.
https://www.facebook.com/Malayalivartha