'വായു'വില്പെടാതെ നാവികസേന രക്ഷിച്ചു; പിറന്നു വീണ ഉടന്‍ അവന് പേര് നേടി; വായു!
ഗുജറാത്ത് തീരത്തു നിന്നും വായു ചുഴലിക്കാറ്റില്പെടാതെ നാവികസേന രക്ഷിച്ച യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഇവര്‍ ജന്മം നല്കിയ ആണ്‍കുഞ്ഞിന് വായു എന്നാണ് പേര് നല്‍കിയത്്. രക്ഷാപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത്.
ഇത്തരത്തില്‍ 15-ഓളം ഗര്‍ഭിണികളായ യുവതികളെ, വായു ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഗുജറാത്ത് തീരപ്രദേശത്തുനിന്ന് രക്ഷിക്കാനായിട്ടുണ്ട്. ഇതില്‍ നാലു പേര് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. കാറ്റ് ഗുജറാത്ത് തീരം പിന്നിട്ട് വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്്. പാക് തീരം ലക്ഷ്യമിട്ട് നീങ്ങിയ കാറ്റിന് വീണ്ടും ദിശാമാറ്റം ഉണ്ടായെന്നാണ് സൂചനകള്‍. വായുവിന്റെ പ്രഭാവത്തില്‍ ഗുജറാത്തിന്റെ തീര മേഖലകളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
വെരാവാല്, പോര്‍ബന്തര്‍, സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമാണ്. പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറന്നു. ട്രെയിന്‍ സര്‍വീസുകളില്‍ മിക്കതും പുനഃസ്ഥാപിച്ചു. മഴ തുടരുന്നതിനാല്‍ തീര ദേശങ്ങളിലെ ജാഗ്രതാനിര്‍ദ്ദേശം പിന്‍വലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
https://www.facebook.com/Malayalivartha