എവറസ്റ്റില്‍ ട്രാഫിക് ജാം! ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി എത്തിയത് 200-ഓളം പര്‍വതാരോഹകര്‍!
ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ അടിത്തട്ടിലെ പല ക്യാമ്പുകളും ഇന്നലെ സാക്ഷ്യംവഹിച്ചത് ട്രാഫിക് ജാമിനു തുല്യമായ അവസ്ഥയാണ്. ഒരടി മുന്നോട്ടു വയ്ക്കാന്‍ പറ്റാത്ത അവസ്ഥ, തിരക്കോടു തിരക്ക്, മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി 200-ഓളം പര്‍വതാരോഹകര്‍ എവറസ്റ്റ് കീഴടക്കാന്‍ ഇന്നലെ അതിരാവിലെതന്നെ ഒരുമിച്ചെത്തിയതോടെയാണ് കാര്യങ്ങള്‍ അധികൃതരുടെ കൈവിട്ടുപോയത്.
ഇവരെ സഹായിക്കാനുള്ള ഗൈഡുകളും എത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ പര്‍വതാരോഹകരെ കൂട്ടത്തോടെ മലകയറാന്‍ അനുവദിക്കാത്തതിനാല്‍ പലര്‍ക്കും ക്യാമ്പില്‍ രണ്ടും മുന്നും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. നഗരത്തിരക്കുകളില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ സാധാരണയായി യാത്രികര്‍ പ്രകടിപ്പിക്കാറുള്ള അല്ലറ ചില്ലറ പ്രതിഷേധ പ്രകടനങ്ങളൊക്കെ പര്‍വതാരോഹകരുടെ ഭാഗത്തുനിന്നുമുണ്ടായതായി അധികൃതര്‍ പറഞ്ഞു.
എന്തായാലും അല്പം കാത്തിരിക്കേണ്ടിവന്നെങ്കിലും ഭൂരിഭാഗം പേര്‍ക്കും കൊടുമുടി കീഴടക്കാന്‍ കഴിഞ്ഞെന്നാണ് വിവരം. എവറസ്റ്റ് കീഴടക്കാന്‍ ഏറ്റവും അനുയോജ്യമായ സീസണായി കണക്കാക്കപ്പെടുന്ന മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആയിരക്കണക്കിനാളുകള്‍ പര്‍വതം താണ്ടാനെത്തും. ഇക്കൊല്ലം ഇതുവരെ 381 പേര്‍ക്ക് പെര്‍മിറ്റ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അമ്പതുകാരനായ കാമി റിത 24-ാം പ്രാവശ്യം എവറസ്റ്റ് കീഴടക്കി തന്റെ തന്നെ റിക്കാര്‍ഡ് തിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha